തിരുവനന്തപുരം: നിഖില്‍ തോമസിന്റെ പ്രവേശനം സംബന്ധിച്ച എംഎസ്എം കോളേജിന്റെ വിശദീകരണത്തില്‍ കേരള സര്‍വ്വകലാശാലക്ക് അതൃപ്തി. വീണ്ടും വിശദീകരണം ചോദിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. വീഴ്ച്ച സമ്മതിക്കാതെയായിരുന്നു വിഷയത്തിലെ കോളേജിന്റെ വിശദീകരണം.
ഇതിനിടെ നിഖില്‍ തോമസിന്റെ എം കോം രജിസ്ട്രേഷന് കേരള സര്‍വകലാശാല റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.അതേസമയം, നിഖില്‍ തോമസിനെതിരെ കണ്ടത്താന്‍ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടയുള്ള നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എസ്എഫ്ഐ നേതാക്കളെ കണ്ട് തൊട്ടുപിന്നാലെ നിഖില്‍ മുങ്ങിയത് സംഘടനയേയും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിഖിലിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അടുത്ത സുഹൃത്തുക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. ഒളിത്താവളം കണ്ടെത്തുകയാണ് ലക്ഷ്യം.