ആലുവ: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകർക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വിമർശിച്ചു.
കുട്ടിയെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകിട്ട് ഏഴര മണിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി 9 മണിക്ക് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി പൊലീസിന് തെറ്റായ വിവരം നൽകി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ഇതിനകത്ത് ആരും രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹം. തനിക്കും കുടുംബത്തിനും അത് കാണണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. അതിന് ശേഷമേ താൻ നാട്ടിലേക്ക് പോകൂ. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്. സംസ്ഥാന സർക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സർക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്നും പറഞ്ഞു.