കണ്ണൂർ: നിഹാലിന്റെ ദാരുണമരണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് അജുവദ് അടക്കമുള്ള കൂട്ടുകാർ. എന്നും വീട്ടുകാരുടെ കണ്ണുവെട്ടിച്ചു റോഡിൽ ഓടാറുള്ള നിഹാലിനെ വീട്ടിൽ തിരികെ എത്തിച്ചിരുന്നത് കൂട്ടുകാർ ആയിരുന്നു. ഏഴ് വയസ്സുകാരൻ വയസുള്ള സൽമാൻ ഫാരിസ് എന്ന കുട്ടി പിന്നാലെ ഓടിയിരുന്നെങ്കിലും നിഹാലിനെ കാണാൻ കഴിയാതെ തിരിച്ചു വരികയായിരുന്നു. ഇന്നലെയാണ് കണ്ണൂർ മുഴുപ്പിലങ്ങാട് 11 വയസ്സുകാരനായ നിഹാലിലെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാരശേഷി ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ നായ് ആക്രമിച്ചപ്പോൾ ഒന്നു നിലവിളിക്കാൻ പോലും ആ കുഞ്ഞിന് കഴിഞ്ഞില്ല.
അഞ്ച് മണിയോടെയാണ് ഇന്നലെ കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. രാത്രി വൈകിയും തിരിക എത്താത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. സാധാരണ നിഹാൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അയൽവാസികൾ തിരികെ വീട്ടിലെത്തിക്കുകയാണ് പതിവ്. ഇന്നലെയും അങ്ങനെ സംഭവിച്ചിരിക്കാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ അതിദാരുണമായി മുറിവേറ്റ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുന്നത്.