ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ധൂമത്തിന്റെ ടൈറ്റിൽ ട്രാക്ക് വീഡിയോ പുറത്തിറങ്ങി. പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. താല്പര്യം ഉളവാക്കുന്ന തരത്തിലുള്ള ട്രാക്ക് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ജൂൺ 23 വെള്ളിയാഴ്ച റിലീസിനെത്തും. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഫഹദ് നായകനായി എത്തുന്ന ചിത്രം ആണ് ധൂമം. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.
കെ.ജി.എഫ്, കാന്താര, എന്നീ വമ്പൻ സുപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ധൂമത്തിനുണ്ട്. കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ധൂമം’. “മഹേഷിന്റെ പ്രതികാരം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദും അപർണയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.