മുംബൈ: വിവാഹത്തിന് വെറും നാല് ദിവസം ബാക്കി നില്‍ക്കെ മുന്‍ ഗോവ സബ് കലക്ടറും നിലവില്‍ ഗൂഗ്ളില്‍ ഐ.ടി വിദഗ്ധനുമായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂഗ്ളില്‍ ഹെഡ് ഓഫ് സ്ട്രാറ്റജിയും പെരുമ്പാവൂര്‍ സ്വദേശിയുമായ വിജയ് വേലായുധന്റെ (33) മൃതദേഹമാണ് ഡോംബിവലിയിലുള്ള ഫ്ലാറ്റില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം.
ഐ.എ.എസ് ലഭിച്ച ശേഷം ഗോവയില്‍ സബ് കലക്ടറായി സേവനമനുഷ്ടിച്ച വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗ്ളില്‍ ചേര്‍ന്നത്. ഫെബ്രുവരി രണ്ടിന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്.
ഗൂഗ്ളിന്റെ സിംഗപ്പൂര്‍ ഓഫിസില്‍ ഐടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന് ജോലിചെയ്യുകയായിരുന്നു. ഡോംബിവലി വെസ്റ്റില്‍ ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. വാതില്‍ തുറക്കരുതെന്നും താന്‍ ജീവനൊടുക്കുകയാണെന്നും പൊലീസില്‍ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പില്‍ എഴുതിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ പുറത്തുപോയ നേരത്താണ് മരണം.






























