നിറങ്ങളുടെ ആഘോഷത്തിന് രാജ്യമൊരുങ്ങി.പ്രായഭേദമെന്യേ എല്ലാവരും വർണങ്ങളില്‍ മുങ്ങും. ഹോളികാ ദഹൻ ചടങ്ങോടെ ആഘോഷത്തിനു തുടക്കമായി.
തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഹോളികാ ദഹൻ.
നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോളി ആഘോഷത്തിന് മുൻപന്തിയില്‍ നില്‍ക്കുന്നത്. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്ബോള്‍ ശത്രുതയില്ലാതെയാകുമെന്നാണ് വിശ്വാസം.
ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ളവർ വസിക്കുന്ന മുംബൈ നഗരത്തില്‍ ജാതിഭേദമന്യേ ഹോളി ആഘോഷിക്കുക പതിവാണ്. പരസ്പരം നിറങ്ങള്‍ ചാർത്തി, പാട്ടും നൃത്തവുമായാണ് ആഘോഷം.
ഫാല്‍ഗുന മാസത്തിലെ പൗർണമി ദിനത്തിലാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്.
പീച്ചാംകുഴലുമായി വർണജലം ചീറ്റിക്കുന്ന കുട്ടികള്‍ ആഘോഷത്തില്‍ മുങ്ങുന്ന ദിനമാണിത്. പഴയകാലത്ത് മഞ്ഞള്‍, മൈലാഞ്ചി, വേപ്പില എന്നിവയും പൂക്കളും അരച്ചെടുത്തുണ്ടാക്കുന്ന ബഹുവർണങ്ങള്‍ പരസ്പരം മേലാകെ പൂശിയായിരുന്നു ആഘോഷം. കാലം മാറിയതോടെ ജൈവവർണങ്ങള്‍ മാറി സിന്തറ്റിക് നിറക്കൂട്ടുകള്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി. ഹോളി ആഘോഷത്തിന് മാറ്റ് കൂട്ടാനുള്ള വർണങ്ങള്‍, പീച്ചാംകുഴല്‍ എന്നിവയുടെ വില്‍പന തകൃതിയായിരുന്നു.
ആദ്യ ദിവസത്തെ ചടങ്ങായ ഹോളികാ ദഹന് ചോട്ടി ഹോളി എന്നും പേരുണ്ട്. ആളുകള്‍ മധുരപലഹാരങ്ങള്‍ കൈമാറുകയും തീക്കുണ്ഡത്തിനു ചുറ്റും നൃത്തം വയ്‌ക്കുകയും ചെയ്യും. രംഗ്‌വാലി ഹോളി എന്നാണ് രണ്ടാംദിവസത്തെ ആഘോഷത്തിനെ വിശേഷിപ്പിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം വർണം അണിയിച്ചുള്ള ആഘോഷമാണിത്. പലതരം ഡ്രൈ ഫ്രൂട്സ് അടക്കം പാലില്‍ ചേർത്ത ഭാംഗ് പാനീയം കുടിക്കുന്ന ദിവസവുമാണിത്.
നേപ്പാളിലാണ് ഈ ആഘോഷം ആദ്യമായി തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ ഹോളി ഉത്സവം തന്നെയാണ്. കേരളത്തില്‍ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോള്‍ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റുന്നു. തിന്മയ്‌ക്കെതിരായുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ വരവായും ഹോളി ആഘോഷിക്കുന്നു.



























