തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കടക്കാരന്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആസാദ് റോഡില്‍ കട നടത്തുന്ന തടത്തിപ്പറമ്പില്‍ ബാബു (62) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാറാണ് പതിവ്. പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികളുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം അറിയിച്ചു. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് നാടുവിടാന്‍ ഒരുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തില്‍ എസ് ഐമാരായ എന്‍ കെ. അനില്‍കുമാര്‍, ജോര്‍ജ് കെ പി, എസ് സി ഉല്ലാസ്, സീനിയര്‍ സി പി ഒ ഉമേഷ്, ഷീജ, സി പി ഒമാരായ എസ്. സന്തോഷ്‌കുമാര്‍, സതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.