വിവാഹത്തിന് വ്യക്തികളും സമൂഹവും വലിയ പ്രാധാന്യം കൽപ്പിക്കുന്നു. അതിനാൽ തന്നെ അത് നാലാളറിയെ എല്ലാവരുടെയും അനുഗ്രഹാശിശുകളോടെ നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാൽ, സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചപ്പോൾ കാഴ്ചക്കാർ അമ്പരന്നു. കുടുംബത്തെ കുറിച്ചും മാതാപിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും അമ്മ എന്നും അമ്മയാണെന്ന കുറിപ്പുകളോടെയും നിരവധി പേർ അഭിപ്രായപ്രകടനങ്ങളുമായെത്തി. എന്നാൽ. യുവതിയുടെ കുറിപ്പ് വായിച്ചവർ ജീവിതത്തിൽ ഏറ്റവും അവശ്യമായ സംഗതി സമാധാനമാണെന്നും അവനവന്‍റെ മാനസികാരോഗ്യമാണെന്നും എഴുതി. വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ച്ചക്കാരെ ആകർഷിച്ചു.
എന്തു കൊണ്ട് അമ്മ
ഡിജിറ്റൽ ക്രീയേറ്ററായ അരിയാന ഗ്രിമാൽഡിയാണ് തന്‍റെ വിവാഹത്തിന് സ്വന്തം അമ്മയെ ക്ഷണിച്ചില്ലെന്ന കുറിപ്പുകളോടെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടത്. മാനസികാരോഗ്യം, കുട്ടിക്കാലത്തെ ആഘാതം, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ പോലും ഒഴിവാക്കപ്പെടേണ്ടവർ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് അരിയാന കുറിച്ചു. അത് പെട്ടെന്നെടുത്ത തീരുമാനമല്ല. അത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എന്നാൽ ആ തീരുമാനം തന്നെ വേദനിപ്പിച്ചില്ല. കാരണം അവർ തന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്. അവസാനം ഞാന്‍ സമാധാനം തെരഞ്ഞെടുത്തതാണ്. നന്ദി കേടോ. ദേഷ്യമോ പ്രതികാരമോ അല്ല തന്‍റെ തീരുമാനമെന്നും അവർ വ്യക്തമാക്കി. അത് സ്വയം സംരക്ഷിക്കേണ്ടത് കൊണ്ട് മാത്രം എടുക്കേണ്ടിവന്ന ഒരു തീരുമാനമാണ്. തന്‍റെ കുട്ടിക്കാലത്ത് സംരക്ഷണം ഉറപ്പാക്കേണ്ട വ്യക്തിയിൽ നിന്നും താൻ അത്രയേറെ വേദന അനുഭവിക്കേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർത്തു.































