ന്യൂഡല്‍ഹി: 300 കോടി ഡോളര്‍ ചെലവിട്ട് അമേരിക്കയില്‍ നിന്ന് സായുധ ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ്സിങ് അധ്യക്ഷനായ സൈനിക ആര്‍ജന സമിതി (ഡി.എ.സി)യുടെ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച നടത്തുന്ന യു.എസ് സന്ദര്‍ശനത്തിനൊപ്പം ഈ കരാറിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി കൂടി അംഗീകരിക്കുന്നതോടെയാണ് ഡ്രോണ്‍ വാങ്ങല്‍ ഇടപാടിന് അന്തിമ അനുമതിയാകുന്നത്. ഇനി അതൊരു ഔപചാരിക നടപടി മാത്രമാണ്. നാവിക സേനക്കു വേണ്ടി 30ഓളം എം.ക്യു-9എ ഡ്രോണുകളാണ് വാങ്ങുന്നത്. 27 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാൻ കഴിയുന്ന ആളില്ലാ ഡ്രോണിന് 50,000 അടി വരെ ഉയരത്തിലേക്ക് പൊങ്ങാൻ സാധിക്കും. ഇതിന്‍റെ അറ്റകുറ്റപ്പണിയും കരാറിന്‍റെ ഭാഗമാണ്.































