കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ രണ്ട് വർഷത്തിൽ മാത്രം സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്‍റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മില്ലുകളിൽ നിന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിംഗ് കോർപ്പറേഷൻ നേരിട്ട് പേപ്പർ വാങ്ങാൻ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്.
2015– 16 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പാഠപുസ്തക അച്ചടി വൈകിയതിനെ തുടർന്നാണ് പുതിയ തീരുമാനമെത്തിയത്. രണ്ട് വർഷത്തേക്ക് അച്ചടിക്കാനുള്ള പേപ്പർ മില്ലുകളിൽ നിന്ന് നേരിട്ട് വാങ്ങാൻ 2016 ജനുവരിയിൽ സംസ്ഥാന സർക്കാർ കെബിപിഎസ്സിന് അനുമതി നൽകി.സർക്കാർ പ്രസ് സൂപ്രണ്ട് ബില്ലുകൾ പരിശോധിക്കണമെന്ന വ്യവസ്ഥയിൽ. സ്റ്റേഷനറി വകുപ്പ് ടെണ്ടർ വിളിച്ച് ധനകാര്യ വകുപ്പ് അനുമതിൽ വിദ്യാഭ്യാസ വകുപ്പ് മില്ലുകൾക്ക് നേരിട്ട് പണം നല്‍കുന്ന രീതി അച്ചടിയിൽ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം.എന്നാൽ ഈ ആനുകൂല്യത്തിന്‍റെ മറവിൽ പിന്നീട് എന്താണ് സംഭവിച്ചത്.2016-17 അദ്ധ്യയന വർഷത്തിലേക്കായി കെബിപിഎസ്സ് നേരിട്ട് ടെണ്ടർ വിളിച്ചത് 83 സെന്‍റിമീറ്റർ,80 ജിഎസ്എം നിലവാരത്തിൽ 6000 മെട്രിക് ടൺ പേപ്പർ.ടെണ്ടറിൽ റേറ്റ് ക്വോട്ട് ചെയ്യാതെ പങ്കെടുത്ത ആദിത്യ അശ്വിൻ എന്ന കന്പനിയിൽ നിന്ന് വാങ്ങിയത് 19 കോടി 50 ലക്ഷം രൂപയുടെ പേപ്പറുകൾ.