രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ന്റെ ആദ്യ ഗാനം റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 21ന് ആകും ഗാനം റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ഇക്കാര്യം അറിയിച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വമ്പൻ തുകയ്ക്ക് ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.























