ദില്ലി: മഹാദേവ് ആപ്പിൽ നടന്നത് രാജ്യവിരുദ്ധ ഇടപാടാണെന്ന് ജനത കോൺഗ്രസ് നേതാവ് അമിത് ജോഗി. അഴിമതിയുടെ സൂത്രധാരൻ ഭൂപേഷ് ബാഗേലാണ്. ആപ്പിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും കേസ് എൻഐഎ അന്വേഷിക്കണമെന്നും അമിത് ജോഗി പറഞ്ഞു.
ചൂതാട്ടക്കാരുമായുള്ള ബാഗേലിന്റെ ഇടപാട് ഞെട്ടിക്കുന്നതാണ്. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടം. പിതാവ് അജിത് ജോഗിക്ക് ലഭിച്ച സ്നേഹം ജനങ്ങൾ തനിക്കും തരുന്നു. ദേശീയ പാർട്ടികൾ ഛത്തീസ്ഗഡിനെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും അമിത് ജോഗി പറഞ്ഞു. മഹാദേവ് വാതുവയ്പ് കേസിൽ വെളിപ്പെടുത്തലുമായി ഓൺലൈൻ വാതുവയ്പ്പ് ആപ്പ് മഹാദേവ് പ്രമോട്ടർ ശുഭം സോണി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡ് ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്നായിരുന്നു ശുഭം സോണിയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ ബിസിനസിനായി ദുബായിലേക്ക് പോയതെന്നും മുഖ്യമന്ത്രിക്ക് മുൻപും പണമെത്തിച്ചിട്ടുണ്ടെന്നും ശുഭം സോണി വെളിപ്പെടുത്തി. തന്‍റെ നിർദ്ദേശപ്രകാരമാണ് അസിം ദാസ് പണവുമായി ഛത്തീസ്ഘട്ടിലേക്ക് പോയത്. ഇക്കാര്യങ്ങൾ ഇമെയ്ലിലൂടെ ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും ശുഭം സോണി വ്യക്തമാക്കിയിരുന്നു.
ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കേണ്ടെന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ പ്രതികരണം. മൂന്ന് വർഷമായി തന്‍റെ പിന്നാലെ അന്വേഷണ ഏജൻസികളുണ്ടെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല. മോദിയും അമിത് ഷായും കൂടാതെ ഇഡിയും രാഷ്ട്രീയ ജോലി ഏറ്റെടുക്കുന്നുവെന്നും ബാഗേൽ വിമർശിച്ചിരുന്നു.






























