ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ ഒടിടി കൂടി എത്തിയതോടെ ഒരു വരുമാന മാര്‍ഗ്ഗം എന്നതിനൊപ്പം ചിത്രം തിയറ്ററില്‍ കാണാത്ത പ്രേക്ഷകര്‍ക്ക് അതിനുള്ള അവസരം കൂടി ഒരുങ്ങി. എന്നാല്‍ തിയറ്ററിലെയും ഒടിടിയിലെയും കാഴ്ചകള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉള്ളതായി റിലീസിന് ശേഷമുള്ള പ്രേക്ഷകപ്രതികരണങ്ങള്‍ സൂചിപ്പിക്കാറുണ്ട്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ മോശം അഭിപ്രായവും നേരെ മറിച്ച് തിയറ്ററില്‍ ആള് കയറാത്ത സിനിമയ്ക്ക് ഒടിടിയില്‍ വലിയ പ്രേക്ഷകപ്രീതിയും ലഭിക്കുന്നത് പലകുറി ആവര്‍ത്തിച്ച മാതൃകയാണ്. ഇപ്പോഴിതാ രണ്ട് മലയാളി താരങ്ങളുടെ ഒടിടി റിലീസ് ഒരേ ദിവസം സംഭവിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത, മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്‍റ് എന്നിവയാണ് ഒരേ ദിവസമാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഏജന്‍റിന്‍റെ ഒടിടി റിലീസ് തീയതി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 29 ന് സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ഇപ്പോഴിതാ ദുല്‍ഖറിന്‍റെ ഓണം തിയറ്റര്‍ റിലീസ് ആയിരുന്ന കിംഗ് ഓഫ് കൊത്തയും ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കുക.