മെൽബൺ :മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം, ലേലം വിളി മഹാമഹത്തിന് തുടക്കമായി.. നോബിൾ പാർക്ക് സെൻറ് ആൻറണിസ് കത്തോലിക്കാ പള്ളി അങ്കണത്തിൽവെച്ച്, ക്നാനായ കർഷകശ്രീ മൽസരാർത്ഥിയായ ശ്രീ. ജെയിംസ് മണിമലയുടെ കൃഷിയിടത്തിൽനിന്നും വിളവെടുത്ത, മൂന്നരയടി നീളമുള്ള ചൊരയ്ക്ക, വാശിയേറിയ ലേലംവിളിക്കൊടുവിൽ, പത്താം വാർഷികം ജനറൽ കൺവീനർ ശ്രീ. ഷിനോയ് മഞ്ഞാങ്കൽ വിളിച്ചെടുത്ത്, ലേലം വിളികൾക്ക് തുടക്കം കുറിച്ചു. രണ്ടാമത് ലേലം വിളിയിൽ, രണ്ടരയടി നീളമുള്ള ചൊരയ്ക്ക, ശ്രീ. സ്റ്റീഫൻ തെക്കേകൗന്നുംപാറയിൽ വിളിച്ചെടുത്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പത്താം വാർഷികാലോഷങ്ങളുടെ ഭാഗമായി, എല്ലാ ഞായറാഴ്ചകളിലും, നോബിൾ പാർക്ക് പള്ളിയിലും ഫോക്നർ പള്ളിയിലും വെച്ച്, ലേലം വിളിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കുന്നത് . ഇടവകാംഗങ്ങൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവരുന്ന, ലേലം വിളി സാധനങ്ങൾ, കൈക്കാരൻമാരായ ആശിഷ് സിറിയക് വയലിലിനെയോ, നിഷാദ് പുലിയന്നൂരിനെയോ, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിനെയോ, പാരിഷ് കൗൺസിൽ അംഗങ്ങളേയോ ഏൽപ്പിക്കണം.
നോബിൾ പാർക്ക് പള്ളിയിൽ ശ്രീ. മനോജ് മാത്യൂ വള്ളിത്തോട്ടവും, ഫോക്നർ പള്ളിയിൽ ശ്രീ. സിജു അലക്സ് വടക്കേക്കരയും കോർഡിനേറ്റർമാരായി, അവരുടെ നേതൃത്വത്തിലാണ് ലേലം വിളികൾ സംഘടിപ്പിക്കുന്നത്.
ദൈവം കനിഞ്ഞുനൽകിയ എല്ലാ നൻമകൾക്കും നന്ദി പറഞ്ഞുകൊണ്ടും, ഈ ദശാബ്ദി വർഷത്തിൽ, ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാനുമായി നമുക്കെല്ലാവർക്കും പ്രാർത്ഥിച്ചു ഒരുങ്ങാമെന്നും,എല്ലാ ഇടവകാംഗങ്ങളും, കുറഞ്ഞ പക്ഷം, ഒരു സാധനമെങ്കിലും ലേലം വിളിയ്ക്കായി നൽകുകയും, ഒരു സാധനമെങ്കിലും ലേലത്തിൽ വിളിച്ചെടുത്ത്, ഈ മഹാമഹത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്നും, ഇടവക വികാരി റവ ഫാ: അഭിലാഷ് കണ്ണാമ്പടത്തിൽ അറിയിച്ചു.