ബ്യൂണസ് അയേഴ്‌സ്: 37-ാം വയസിലും അര്‍ജന്റീനയ്ക്ക് വേണ്ടി അഴിഞ്ഞാടുകയാണ് നായകന്‍ ലിയോണല്‍ മെസി. ഇന്ന് പുലര്‍ച്ചെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഹാട്രിക്ക് ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞിരുന്നു മെസി. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു റെക്കോര്‍ഡിനൊപ്പമെത്താനും മെസിക്ക് സാധിച്ചു. അന്താരാഷ്ട്ര ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കെന്ന പോര്‍ച്ചുഗീസ് താരത്തിന്റെ റെക്കോര്‍ഡിനൊപ്പമാണ് മെസി. ഇരുവര്‍ക്കും 10 ഹാട്രിക്കുകളാണുള്ളത്.
അതേസമയം, ഒരുറപ്പ് കൂടി മെസി പറയുന്നുണ്ട്. 2026 ലോകകപ്പ് കളിക്കാനുണ്ടാവുമെന്ന ഉറപ്പാണ് മെസി നല്‍കുന്നത്. മത്സരശേഷം മെസി പറഞ്ഞതിങ്ങനെ… ”കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദേശീയ ജേഴ്‌സിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ട്. എനിക്ക് സഹായം ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ ഈ ജേഴ്‌സിയിലുണ്ടാവും. ഈ ടീം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു, ആത്മാര്‍ത്ഥതയോടെ താരങ്ങള്‍ കളിക്കുന്നത്. 2026 ലോകകപ്പിലായിരിക്കും ഞാന്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അവസാനം കളിക്കുക. ഞാന്‍ ഈ ടീമിനൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നു. അര്‍ജന്റീന ജേഴ്സിയില്‍ ആളുകള്‍ എന്നെ സ്നേഹിക്കുകയും എന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.” 2026 ലോകകപ്പ് വരെ തുടര്‍ന്നുകൂടെ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മെസി മറുപടി പറഞ്ഞത്.






























