ന്യൂ സൗത്ത് വെയിൽസിലെ ടാരീയിൽ, സമീപകാല പ്രളയത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി സംഘടിപ്പിച്ച ‘മഡ് മസ്റ്റർ’ (Mud Muster) ശുചീകരണ യജ്ഞത്തിൽ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.
മഡ് മസ്റ്റർ’ എന്ന പേരിൽ നടക്കുന്ന ഈ ബൃഹത്തായ ശുചീകരണ യജ്ഞത്തിൽ പ്രാദേശിക സമൂഹത്തോടൊപ്പം പ്രവാസി സമൂഹവും സജീവമായി പങ്കുചേരുന്നുണ്ട്. ഈ ഉദ്യമത്തിൽ സിഡ്നിയിലെ മലയാളി സംഘടനയായ നവോദയ സിഡ്നിയുടെ സന്നദ്ധപ്രവർത്തകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് മലയാളികൾക്ക് അഭിമാനമായി.
പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിലൊന്നാണ് ടാരീ.
മിഡ്കോസ്റ്റ് കമ്മ്യൂണിറ്റി ഫ്ലഡ് റെസ്പോൺസ്, എസ്.ഇ.എസ് (സ്റ്റേറ്റ് എമർജൻസി സർവീസ്), ആരോഗ്യപ്രവർത്തകർ, പ്രാദേശിക നേതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ‘മഡ് മസ്റ്റർ’ സംഘടിപ്പിച്ചത്. പ്രളയത്തിൽ വീടുകളിൽ കയറിയ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുക, സാധനങ്ങൾ എത്തിക്കുക തുടങ്ങിയ ജോലികളാണ് സന്നദ്ധപ്രവർത്തകർ പ്രധാനമായും ചെയ്തത്.
ശനിയാഴ്ച രാവിലെ എട്ട് മണിക്ക് എസ്.ഇ.എസ് ആസ്ഥാനത്ത് ഒത്തുകൂടിയ സന്നദ്ധപ്രവർത്തകർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയ ശേഷം ജോലികൾ വിഭജിച്ച് നൽകി. ദൂരദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ ഈ ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്നു.
പ്രളയത്തിൽ വീടുകളും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ട നിരവധി പേർ ദുരിതത്തിലാണെങ്കിലും, ഈ സാമൂഹിക ഐക്യവും സഹായവും അവർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രളയത്തിന്റെ കെടുതികളിൽ നിന്ന് കരകയറാൻ മാസങ്ങൾ എടുത്തേക്കാമെന്നും, കൂടുതൽ സന്നദ്ധപ്രവർത്തകരുടെ സഹായം ഭാവിയിലും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ ടാരീയിലെ സമൂഹം ഹൃദയപൂർവ്വം അഭിനന്ദിച്ചു.































