തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ടാറ്റ സുമോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 12 പേർക്ക് പരിക്ക് പറ്റി. നാഗർകോവിൽ തിരുനെൽവേലി ദേശീയപാതയിൽ വെള്ളമാടത്തിന് സമീപത്താണ് അപകടമുണ്ടായത്.
നാഗർകോവിലിൽ നിന്ന് റോസ്മിയാപുരത്തേക്ക് പോവുകയായിരുന്ന സർക്കാർ ബസ് ടാറ്റ സുമോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ച് മരിച്ചു. രണ്ടുപേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരാൾ ആശുപത്രിയിലും മരിച്ചു. കാറിലും ബസിലും ഉണ്ടായിരുന്ന 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ നാഗർകോവിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്ക് പറ്റിയവരിൽ നെയ്യാറ്റിൻകര സ്വദേശികളും ഉൾപ്പെടുന്നു. തൃച്ചന്തൂർ എന്ന സ്ഥലത്ത് കലാപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന നൃത്തസംഘമാണ് ടാറ്റ സുമോയിലുണ്ടായിരുന്നത്.