അഡിലെയ്ഡ്, സൗത്ത് ഓസ്‌ട്രേലിയ: ലോകപ്രശസ്ത ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയ്ക്ക് അഡിലെയ്ഡിന്റെ മേരിയൻ കൗൺസിലിൽ പുതിയ ഫാക്ടറി സ്ഥാപിക്കാൻ അംഗീകാരം ലഭിച്ചു. ഔദ്യോഗിക അംഗീകാരം കിട്ടിയതോടെ ടെസ്‌ലയുടെ ബാറ്ററി റീസൈക്ലിംഗ് പ്ലാന്റ് അടങ്ങിയ വലിയ പദ്ധതിക്ക് തുടക്കമാവും.
മേരിയൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള 2,664 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയാണ് ടെസ്‌ലയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ ഈ ഇൻഡസ്‌ട്രിയൽ സൈറ്റിൽ ലിഥിയം-അയൺ ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നതിനുള്ള പ്ലാന്റ്, വാഹനങ്ങൾക്കായുള്ള സർവീസ് സെന്റർ, ഷോറൂം തുടങ്ങിയ സംവിധാനങ്ങൾ നിർമ്മിക്കാനാണ് ടെസ്‌ലയുടെ പദ്ധതി.
പദ്ധതിക്കെതിരെ പൊതു ജനങ്ങളിൽ നിന്നുണ്ടായിരുന്ന ശക്തമായ പ്രതികരണങ്ങളെ മറികടന്ന് ആകെയുള്ള ഒമ്പത് കൗൺസിൽ അംഗങ്ങളിൽ ആറുപേർ പദ്ധതിക്ക് പിന്തുണ നൽകി. കൗൺസിലിന് ലഭിച്ച പൊതുജന പ്രതികരണങ്ങളിൽ 95 ശതമാനവും പദ്ധതിക്ക് എതിരായതായിരുന്നു. പല അഭിപ്രായങ്ങളും അസഭ്യമായതായിരുന്നു, എന്നതിനാൽ ഔദ്യോഗിക രേഖകളിൽ അവ സെൻസർ ചെയ്യേണ്ടിവന്നതായും കൗൺസിൽ അറിയിച്ചു.
പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഫാക്ടറി നിർമ്മാണത്തിന് മുമ്പായി ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് മേയർ ക്രിസ് ഹാന്ന പറഞ്ഞു. “ഈ ഭൂമി പൊതുപരിപാടികൾക്കായി ഉപയോഗിക്കാൻ യോഗ്യമല്ല. ടെസ്‌ലയുടെ പദ്ധതി സ്ഥലത്തെ പുനരുപയോഗത്തിനും സാമ്പത്തിക വളർച്ചക്കും ഉതകും,” അദ്ദേഹം വ്യക്തമാക്കി. പദ്ധതി 100 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ കൂട്ടിച്ചേർത്തു.
ടെസ്‌ല നിർമ്മാണ സമയത്ത് പ്രധാന വൃക്ഷങ്ങൾ സംരക്ഷിക്കാനും കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കാനുമുള്ള ഉറപ്പ് നൽകിയിട്ടുണ്ട്. മേയർ സംരക്ഷണ പദ്ധതികൾ പൊതുജനങ്ങളുടെ ആശങ്കകൾക്ക് ഉത്തരം നൽകുമെന്നും കൂട്ടിച്ചേർത്തു.
ഇപ്പോൾ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സൗത്ത് ഓസ്‌ട്രേലിയയുടെ പ്രാദേശിക ഭരണ മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി പീറ്റർ മലിനൗസ്കാസ് പദ്ധതിക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. “ടെസ്‌ലയുടെ നിക്ഷേപം സൗത്ത് ഓസ്‌ട്രേലിയയുടെ ഭാവിക്കായി നിർണ്ണായകമാണ്,” അദ്ദേഹം പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം.































