ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ 700 കൊയാലകളെ ഹെലികോപ്റ്റർ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ വ്യാപക പ്രതിഷേധത്തിനാണ് ഇടവരുത്തുന്നത്. ഓസ്ട്രേലിയയിൽ കാട്ടുതീ ഉൾപ്പെടെ പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുത്ത സമയത്ത് കൊയാലകളെ ഭീഷണി നേരിടുന്ന ജീവികളായി പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെയുള്ള ഈ ജീവികളെ എന്തിനാണു വെടിവച്ചു കൊല്ലുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ കൊയാലകളുടെ എണ്ണം പെരുകി അവ യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളെ നശിപ്പിക്കുന്നെന്നാണ് സർക്കാർ ന്യായം.
കുഴിമടിയൻമാരായ ജീവികൾ ധാരാളമുണ്ട് ഭൂമിയിൽ. സ്ലോത്ത്, പാൻഡ തുടങ്ങിയ ഒട്ടേറെ ജീവികൾ നല്ല മടിയൻമാരാണ്. ജന്തുലോകത്തെ രാജാക്കൻമാരായ സിംഹങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ലോകത്തിലെ ഏറ്റവും കുഴിമടിയൻ ജീവിയേതാണെന്നു ചോദിച്ചാൽ പല ജന്തുവിദഗ്ധരും ആദ്യം തന്നെ കൊയാലയുടെ പേരു പറയും. ദിവസത്തിൽ 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവ ഉറങ്ങുന്നത്. ഉണർന്നിരിക്കുന്ന ചുരുക്കം മണിക്കൂറുകൾ ഭക്ഷണം കഴിക്കാൻ മാത്രമായാണു വിനിയോഗിക്കുക.
തെക്കുകിഴക്കൻ, കിഴക്കൻ ഓസ്ട്രേലിയയിൽ സമൃദ്ധമായി യൂക്കാലി മരങ്ങൾ വളരുന്ന കാടുകളാണു കൊയാലകളുടെ പ്രധാന താമസ സ്ഥലം. യൂക്കാലി മരക്കൊമ്പുകളിൽ താമസിക്കുന്ന കൊയാലകളുടെ സ്ഥിരം ഭക്ഷണം യൂക്കാലി മരത്തിലെ ഇലകളാണ്. ഒരു കിലോ വരെ ഇലകൾ കൊയാല ഒറ്റദിവസം അകത്താക്കും. യൂക്കാലിയിലകൾ ദഹിക്കാൻ പാടുള്ളതും പോഷകങ്ങൾ കുറഞ്ഞവയുമാണ്. ഇവയെ ദഹിപ്പിക്കാനായി ഒരുപാടു പണിയെടുക്കേണ്ടിവരും കൊയാലകളുടെ ദഹനവ്യവസ്ഥയ്ക്ക്. ഇതു മൂലമാണ് കൊയാലകൾ അധികം സമയവും കിടന്നുറങ്ങുന്നത്. ഇതിനാൽ തന്നെ താൻ താമസിക്കുന്ന മരം വിട്ട് അധികദൂരത്തേക്കൊന്നും പോകാൻ ഇവയ്ക്ക് താൽപര്യമില്ല.
2020ൽ ഓസ്ട്രേലിയയിൽ സംഭവിച്ച കാട്ടുതീയിൽ (ബുഷ് ഫയർ ) 60,000 കൊയാലകൾ കാട്ടുതീയിൽ മരിച്ചെന്നാണു കണക്ക്. കംഗാരു ഐലൻഡ് എന്ന പ്രദേശത്തു മാത്രം 41000 കൊയാലകൾ കൊല്ലപ്പെട്ടു.
മനുഷ്യരുടെ എണ്ണത്തേക്കാൾ മൃഗങ്ങളുള്ള ഓസ്ട്രേലിയ വിചിത്രമായ മൃഗങ്ങളാലും സമ്പന്നമാണ്. കംഗാരു പോലെ തന്നെ ഓസ്ട്രേലിയയുടെ പ്രതീകമായി മാറിയ ജീവികളാണു കൊയാലകൾ. സസ്തനികളായ ഇവയുടെ ജീവിത കാലാവധി 20 വർഷമാണ്. ഓസ്ട്രേലിയയിലെ പല ജീവികളെയും പോലെ മാർസൂപ്പിയൽ അഥവാ സഞ്ചിമൃഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ.കണ്ടാൽ രോമാവൃതമായ ഓമനത്തമുള്ള രൂപമാണ് ഇവയുടേത്. തീരെ ചെറിയ തലച്ചോറുള്ള ജീവികളാണ് ഇവ.
ഒരടി വരെ പൊക്കവും14 കിലോ വരെ ഭാരവും എത്തുന്ന കൊയാലകൾ സാമൂഹികമായ വ്യവസ്ഥ പിന്തുടരുന്ന ജീവികളല്ല. 22 മണിക്കൂറും ഉറക്കമെങ്കിൽ പിന്നെന്ത് സോഷ്യലൈസിങ്? ഒറ്റയ്ക്കു ജീവിക്കാൻ താൽപര്യപ്പെടുന്ന ഇവ പലപ്പോഴും മരങ്ങളിൽ തങ്ങളുടെ ആവാസസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി വയ്ക്കും.ഇങ്ങോട്ടേക്ക് മറ്റാരെങ്കിലും കയറിയാൽ ഇടിപൊട്ടുമെന്നുറപ്പ്. ഓസ്ട്രേലിയിലെ മറ്റു പല ജീവികളെപ്പോലെ തന്നെ കൊയാലയെ ആക്രമിക്കുന്ന ഇരപിടിയൻ മൃഗങ്ങൾ കുറവാണ്. ഡിംഗോ എന്ന ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പട്ടികൾ ഇവയെ ഇടയ്ക്ക് ആക്രമിക്കാറുണ്ട്. ചിലയിനം മൂങ്ങകൾ, കഴുകൻമാർ എന്നിവയൊക്കെ കൊയാലക്കുഞ്ഞുങ്ങളെ ആക്രമിച്ചു പിടിക്കാറുണ്ട്.
എന്നാൽ മനുഷ്യരുടെ ആക്രമണം കൊയാല ഒരുപാടു നേരിട്ടുണ്ട്.കൊളോണിയൽ കാലഘട്ടം മുതൽ തന്നെ രോമമാവൃതമായ തോലിനായി ബ്രിട്ടിഷുകാർ ഇവയെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു.ഇപ്പോഴും അനധികൃതമായി ഇവയെ വേട്ടയാടുന്നവരുണ്ട്.































