കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ സ്വവർഗാനുരാഗിയായിരുന്നു എന്ന വിവാദപരമായ പോസ്റ്റുമായി ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗ. തന്റെ X (ട്വിറ്റർ) അക്കൗണ്ടിലാണ് തേജീന്ദർ പാൽ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
‘കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‍ക്ക് നിജ്ജറിനോട് ഇഷ്ടമുണ്ടായിരുന്നു, മറ്റൊരാൾക്ക് വേണ്ടി നിജ്ജർ ട്രൂഡോയെ ഉപേക്ഷിച്ചു. അതാണോ കൊലപാതകത്തിനുള്ള കാരണം?’ എന്നാണ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ വിവാദപരമായ പോസ്റ്റ്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനും പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരിക്കുകയാണ്. അതേ സമയം തന്നെ കനേഡിയൻ പ്രധാനമന്ത്രി തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്നും വികസനകാര്യങ്ങളിൽ ഒന്നിച്ച് നീങ്ങും എന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.
നേരത്തെ നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന് പറഞ്ഞിരുന്ന ട്രൂഡോ അയയുകയാണ് എന്നായിരുന്നു ഇതിലൂടെ വ്യക്തമായിരുന്നത്. ഒപ്പം നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണങ്ങളോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ ഒടുവിലായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം, രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കാനഡ നിരോധനം ഏർപ്പെടുത്തി. ബബ്ബർ ഖൽസ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് കാനഡ നിരോധിച്ചത്. എന്നാൽ, അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. പിന്നാലെ, വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും ഇന്ത്യ കൈമാറിയിരുന്നു.
എന്നാല്‍, കാനഡ സ്വന്തം മണ്ണിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉന്നയിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്.