ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ സർക്കാരിനെതിരെ കടുത്ത വിമർശനവും പ്രവചനവുമായി രംഗത്തെത്തിയത്. വിജയിന്റെ നേതൃത്വത്തിലുള്ള ഈ സഖ്യ സർക്കാർ കേവലം ആറുമാസം പോലും തികയ്ക്കില്ലെന്നാണ് അനിത രാധാകൃഷ്ണൻ അവകാശപ്പെട്ടത്.






























