ചായ കുടിച്ചതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതിന് പിന്നാലെ സംഭവം വലിയ ചര്‍ച്ചയാവുകയും ഒരുപാട് പേര്‍ തങ്ങളുടെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുകയാണിപ്പോള്‍. എങ്ങനെയാണ് ചായ കുടിച്ചത് മരണത്തിലേക്ക് നയിച്ചത് എന്നാണ് ഏവരും സംശയമുന്നയിക്കുന്നത്. സംഭവത്തിന്‍റെ വ്യക്തമായ ചിത്രം ലഭ്യമായിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
മദ്ധ്യപ്രദേശിലെ ദേവാസിലാണ് ദാരുണമായ സംഭവമുണ്ടായത്. ഒന്നര വയസുകാരൻ അവന്‍റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു. ഇവര്‍ ചായ കുടിക്കുമ്പോള്‍ കൂട്ടത്തില്‍ കുഞ്ഞും ചായ കുടിച്ചു. ഇതിന് പിന്നാലെ കുഞ്ഞ് ശ്വാസമെടുക്കുന്നില്ല എന്ന് മുത്തച്ഛനും മുത്തശ്ശിയും മനസിലാക്കുകയായിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍, കുഞ്ഞിന്‍റെ മരണകാരണം സംബന്ധിച്ച് തങ്ങള്‍ക്ക് നിലവില്‍ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ഇതും സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ഈ സംഭവത്തിന്‍റെ പിന്നിലെ സത്യാവസ്ഥ എന്തുതന്നെ ആണെങ്കിലും, മറ്റ് ചില വിഷയങ്ങളാണ് അധികപേരെയും അലട്ടുന്നത്. കുഞ്ഞുങ്ങള്‍ക്ക് ചായ കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ, ഇക്കാര്യത്തില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായി ഉണ്ടോ എന്നുതുടങ്ങിയ വിഷയങ്ങളിലാണ് മിക്കവര്‍ക്കും സംശയങ്ങളുള്ളത്. പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളുള്ള വീട്ടുകാരാണ് ഏറെയും ഈ ആശങ്ക പങ്കുവയ്ക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് ചായ നല്‍കുന്നത് പൊതുവില്‍ നല്ലതല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാലിത് കുഞ്ഞിന്‍റെ ജീവന് ആപത്തൊന്നും വരുത്തില്ല. അധികവും തീരെ ചെറിയ കുഞ്ഞുങ്ങള്‍ ഭക്ഷണ- പാനീയങ്ങള്‍ കഴിച്ചതിന് പിന്നാലെ ശ്വാസതടസം നേരിട്ട് മരണത്തിലേക്കെത്തുന്നത് കഴിക്കുന്നത് തൊണ്ടയില്‍ കുടുങ്ങിയാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
‘പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ചായ ശീലിപ്പിക്കുന്നത് അത്ര നല്ലതല്ല. കാരണം ചായയില്‍ നിന്നുള്ള കഫീൻ അവരുടെ ആരോഗ്യത്തെ മോശമായ രീതിയിലും സ്വാധീനിക്കും എന്നതിനാലാണിത്…’- ദില്ലിയില്‍ ന്യൂട്രീഷ്യനിസ്റ്റായ പ്രാചി ജെയിൻ പറയുന്നു.
കഫീൻ ഉറക്കപ്രശ്നങ്ങളുണ്ടാക്കുകയും ഇത് പതിവായ ദഹനക്കുറവിലേക്ക് നയിക്കുകയും ചെയ്യാം. കുട്ടികളുടെ ദൈനംദിന കാര്യങ്ങളെയെല്ലാം ഇത് ബാധിക്കാമെന്നതിനാലാണ് ചായ അധികം കൊടുക്കേണ്ട എന്ന് നിര്‍ദേശിക്കുന്നത്. പക്ഷേ ചായ കൊടുക്കുന്നതില്‍ മറ്റ് അപകടങ്ങള്‍ ഒന്നും തന്നെയില്ല.
അതേസമയം കുഞ്ഞുങ്ങള്‍ക്ക് എന്ത് ഭക്ഷണ-പാനീയങ്ങള്‍ നല്‍കുമ്പോഴും അവരത് കഴിച്ചുതീരും വരെ മുതിര്‍ന്നവരുടെ കണ്ണ് അവരുടെ മേലുണ്ടാകണം. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ തൊണ്ടയില്‍ ഭക്ഷണ-പാനീയങ്ങള്‍ തടഞ്ഞ് ശ്വാസമുട്ടലുണ്ടാകാനും അത് ജീവന് തന്നെ ഭീഷണിയാകാനും സാധ്യതകളേറെയാണ്. മുലപ്പാല്‍ പോലും തൊണ്ടയില്‍ കെട്ടി കുഞ്ഞുങ്ങള്‍ മരിച്ച സംഭവം എത്രയോ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇക്കാര്യമാണ് മാതാപിതാക്കള്‍ ഏറെയും ശ്രദ്ധിക്കേണ്ടത്.
എന്തായാലും മദ്ധ്യപ്രദേശില്‍ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഇതിന്‍റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചായയോ മറ്റ് ഭക്ഷണ-പാനീയങ്ങളോ നല്‍കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്നവര്‍ക്കുള്ള ആശങ്കയ്ക്കുള്ള ഉത്തരമിതാണ്.