മാൾട്ട: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാൾട്ടയിലെ നാലിൽ ഒരാൾ വീതം ഏതെങ്കിലും തരത്തിലുള്ള വിവേചനമോ പീഡനമോ നേരിട്ടതായി പുതിയ കണക്കുകൾ. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) നടത്തിയ സർവേയുടെ കണ്ടെത്തലുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2025 സെപ്റ്റംബറിൽ 18 വയസും അതിന് മുകളിലും പ്രായമുള്ള മാൾട്ടയിലെ താമസക്കാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 25 ശതമാനം പേരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വ്യക്തിപരമായി വിവേചനമോ പീഡനമോ അനുഭവിച്ചതായി പറഞ്ഞത്. കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരം അനുഭവം ഉണ്ടായതായി 16 ശതമാനം പേർ വ്യക്തമാക്കി.
സ്ത്രീകളിൽ അഞ്ച് വർഷത്തെ കണക്ക് 26 ശതമാനമായിരുന്നു. 18നും 34നും ഇടയിൽ പ്രായമുള്ളവരിൽ 29 ശതമാനം പേരും വിവേചനമോ പീഡനമോ നേരിട്ടതായി അറിയിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയവരിൽ ഈ നിരക്ക് 35 ശതമാനമായി ഉയർന്നു.
വംശീയത, ചർമ്മനിറം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8 ശതമാനം പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ 6 ശതമാനം പേരും ഇത്തരം വിവേചനം നേരിട്ടതായി പറഞ്ഞു.എന്നാൽ വിവേചനമോ പീഡനമോ അനുഭവിച്ചവരിൽ കഴിഞ്ഞ 12 മാസത്തിനിടെ സംഭവിച്ചത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് വെറും 39 ശതമാനം പേർ മാത്രമാണ്. റിപ്പോർട്ട് ചെയ്തവരിൽ 88 ശതമാനം പേരും കുടുംബാംഗങ്ങളോടോ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അനൗപചാരികമായി വിവരം പങ്കുവെച്ചതായി സർവേ വ്യക്തമാക്കുന്നു.
അതേസമയം, മാൾട്ടയിൽ കുറഞ്ഞത് ഒരു തരത്തിലുള്ള വിവേചനമെങ്കിലും പതിവായി നടക്കുന്നുണ്ടെന്ന് 83 ശതമാനം പേർ വിശ്വസിക്കുന്നതായി സർവേ കണ്ടെത്തി. സ്ത്രീകളിൽ ഈ അഭിപ്രായം 87 ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരിൽ 89 ശതമാനവുമാണ്.
ലിംഗസമത്വവുമായി ബന്ധപ്പെട്ട് പൊതുവെ അനുകൂലമായ നിലപാടുകളും സർവേയിൽ പ്രകടമായി. വീട്ടുജോലികളും കുട്ടികളുടെ പരിചരണവും ദമ്പതികൾ തുല്യമായി പങ്കിടണമെന്ന് 92 ശതമാനം പേർ അഭിപ്രായപ്പെട്ടു. പുരുഷന്മാർ സ്ത്രീകളേക്കാൾ മികച്ച രാഷ്ട്രീയ നേതാക്കളാണെന്ന വാദത്തോട് 81 ശതമാനം പേരും വിയോജിച്ചു.




























