കാൻബറ: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നിലവിലെ കുടിയേറ്റ സംവിധാനമാണെന്നും, ബഹുസംസ്കാര (Multicultural) വാദത്തിൽ നിന്ന് രാജ്യം അടിയന്തരമായി പിന്മാറണമെന്നും വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് കുടിയേറ്റ-സാമൂഹിക നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അവർ രംഗത്തെത്തിയത്.
“നമുക്കൊരു ബഹുസംസ്കാര സമൂഹമാകാൻ കഴിയില്ല. നമ്മളൊരു ബഹുവംശ സമൂഹമാണ്, എന്നാൽ സംസ്കാരത്തിന്റെ കാര്യത്തിൽ ഏകസംസ്കാര നയമാണ് രാജ്യം പിന്തുടരേണ്ടത്,” ഹാൻസൺ വ്യക്തമാക്കി. നിലവിലെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തിന്റെ തനത് സംസ്കാരത്തെയും വ്യവസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും, കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും അവർ കൂട്ടിച്ചേർത്തു. കുടിയേറ്റക്കാർ രാജ്യത്തിന്റെ പൊതുസംസ്കാരവുമായി പൊരുത്തപ്പെട്ടുപോകണമെന്ന ഇവരുടെ തീവ്ര നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ സംവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.






























