പാലാ: പാലാ രൂപതാ പ്രവാസി അപ്പോസ്റ്റോലെറ്റിന്റെ രണ്ടാം വാർഷികവും ആഗോള പ്രവാസി സംഗമവും 2023 ജൂലൈ 22 ശനിയാഴ്ച്ച പാലാ ചൂണ്ടച്ചേരി സെന്റ്. ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി യിൽ വച്ച് നടത്തപ്പെടും. പാലാ രൂപതയിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിരിക്കുന്നവരും, കുടിയേറിയവരും മറ്റു പ്രവാസികളും തങ്ങളുടെ പൈതൃകം പേറുന്ന ജന്മഭൂമിയിൽ ഒരുമിച്ചു ചേരും.
ലോകത്തിന്റെ പലഭാഗങ്ങളിലായിരിക്കുന്ന പാലാ രൂപതാംഗങ്ങളെ രൂപതയോടു ചേർത്ത് നിർത്തുക, രൂപതയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പാലാ രൂപതാ പ്രവാസി അപ്പൊസ്തോലേറ്റിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ 55 ഓളം രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. സഭാംഗങ്ങളുടെ ആത്മീയവും ഭൗതികവും ബൗദ്ധികവുമായ ഉന്നമനത്തിനായി ഈ സംരംഭം നിലകൊള്ളുന്നു. പ്രവാസി അപ്പൊസ്തോലേറ്റിന്റെ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. ഡയറക്ടർമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ. ഷാജിമോൻ മങ്കുഴിക്കരിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രവാസി അപ്പൊസ്തോലേറ്റിന്റെ വളർച്ചക്കായി അക്ഷീണം പ്രയത്നിക്കുന്നു.
പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക പരിഗണനയും ശ്രദ്ധയും പ്രവാസി അപ്പൊസ്തോലേറ്റിനെ രൂപതയുടെ ഒരു പ്രധാന ഭാഗമാക്കി മാറ്റുന്നുണ്ട്. രൂപതയുടെ മറ്റു സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ അദ്ദേഹം ശ്രദ്ധാലുവാണ് . പ്രവാസി അപ്പൊസ്തോലേറ്റിന്റെ ചുമതലയുള്ള വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് തടത്തിൽ അച്ചന്റെ പ്രത്യേകമായ കരുതലും പരിഗണനയും ഇതിന്റെ മികച്ച പ്രവർത്തനങ്ങൾക്കു കാരണമാകുന്നുണ്ട്.
കൊയ്നോനിയ 2023 എന്ന് പേരിട്ടിരിക്കുന്ന ഗ്ലോബൽ മീറ്റിംഗിൽ പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിച്ചു മടങ്ങിയെത്തിയവർക്കുമുള്ള രൂപതയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിക്കും. പ്രവാസി അപ്പൊസ്തോലേറ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, അശരണരായ രോഗികൾക്കും വൃദ്ധന്മാർക്കുമുള്ള വീൽ ചെയർ വിതരണപദ്ധതിയുടെ ഉൽഘാടനഖവും തദവസരത്തിൽ നടത്തപ്പെടും. നയനമനോഹരമായ കലാ പരിപാടികൾ സമ്മേളനത്തിന് മാറ്റുകൂട്ടും. പ്രവാസി സംഗമത്തിന് മുന്നോടിയായി വിവിധ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും, വിജയികൾക്ക് പ്രവാസി സംഗമത്തിൽവച്ചു സമ്മാനങ്ങൾ നൽകുകയും ചെയ്യും. പ്രവാസ ജീവിതത്തിനിടയിൽ സഭയുടെ വളർച്ചക്കായി പ്രവര്ത്തിചുവരുന്ന പാലാ രൂപതനഗങ്ങളെ പ്രത്യേകം ആദരിക്കും. പത്ത് പന്ത്രണ്ട് ക്ളാസുകളിൽ ഉന്നതവിജയം നേടിയ പ്രവാസികളുടെ മക്കൾക്ക് പ്രത്യേക അംഗീകാരവും സമ്മാനങ്ങളും നൽകും.
ജൂലൈ 22 ന് ഗൾഫിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി ആയിരത്തോളം അംഗങ്ങൾ പ്രവാസി സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം ഭാഗിയായി നടക്കുന്നതായും പ്രവാസി അപ്പോസ്റ്റോലെറ്റിന്റെ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. ഷാജിമോൻ മങ്കുഴിക്കരി, മിഡിലീസ്റ് കോർഡിനേറ്ററും കൊയ്നോനിയ 23 ന്റെ ജനറൽ കൺവീനറുമായ ശ്രീ. ജൂട്ടാസ് പോൾ, എന്നിവർ അറിയിച്ചു. കൊയ്നോനിയ 23 പ്രവാസി ഗ്ലോബൽ സംഗമത്തിനായി ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികളെയും കോളേജിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കോളേജ് ചെയർമാൻ ഫാ. ജോസഫ് മലേപ്പറമ്പിലും അറിയിച്ചു .