ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ വീണ്ടും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനക്കൊല. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം, ഒന്നുമറിയാത്ത ഭാവത്തിൽ പൊലീസിൽ കള്ളപ്പരാതി നൽകിയ പിതാവിന്റെ കൊടുംക്രൂരതയാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ നാടുവിട്ട പ്രതിയുടെ തിരക്കഥയാണ് ഒടുവിൽ പൊളിഞ്ഞുവീണത്.ഏപ്രിൽ 16 മുതൽ മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് ഒടുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന മേഘ്ന എന്ന 17കാരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ പിതാവ് തിമ്മരായപ്പയെ തുംകൂരു പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ 17 കാരിയായ മേഘ്ന പ്രണയിച്ചിരുന്നു.
18 വയസ്സ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തയ്യാറുമായിരുന്നു. ഈ തീരുമാനത്തോടെ തിമ്മരായപ്പയ്ക്ക് പക്ഷെ യോജിപ്പുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി മകളുമായി നിരന്തരം വഴക്കിട്ടിരുന്ന ഇയാൾ ഏപ്രിൽ 16ന് മേഘ്നയെ കിണറ്റിനകത്തേക്ക് തള്ളിയിട്ടു വലിയ പാറക്കഷണം മുകളിലേക്ക് ഇടുകയായിരുന്നു. മകൾ മരിച്ചതോടെ മൃതദേഹം പുറത്തെടുത്ത് ഇയാൾ വീടിനു സമീപത്ത് കുഴിച്ചിടുകയും ചെയ്തു.





























