തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്നു. ബെംഗളുരുവിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിൻ്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയായിരുന്നു മുന്നോട്ട് നീങ്ങിയത്. വഴി നീളെ സ്നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.