വാറ്നാംബൂൾ: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് H5 പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ പ്രാവ് പറത്തൽ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ ആശങ്ക. വാറ്നാംബൂൾ റേസിംഗ് പിജിയൻ ക്ലബ് ഓഗസ്റ്റ് 30 ഞായറാഴ്ച 150 പ്രാവുകളെ ഏകദേശം 320 കിലോമീറ്റർ അകലെയുള്ള ലാസെൽസിൽ നിന്ന് വാറ്നാംബൂളിലേക്ക് പറത്താനാണ് പദ്ധതിയിടുന്നത്.
ക്ലബിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വാറ്നാംബൂൾ ബേസ് ആശുപത്രിക്കായി ധനശേഖരണവും ഇതോടൊപ്പം നടത്തും. എന്നാൽ തെക്കുപടിഞ്ഞാറൻ വിക്ടോറിയയിൽ പക്ഷിപ്പനി മൂലം നിരവധി പക്ഷികൾ ചത്ത സാഹചര്യത്തിൽ മത്സരം രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
സംസ്ഥാനത്തെ ഊർജം, പരിസ്ഥിതി, കാലാവസ്ഥാ പ്രവർത്തന വകുപ്പ് (DEECA) പക്ഷി വളർത്തൽ മേഖലയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് പ്രാവ് പറത്തൽ മത്സരത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്. H5 പക്ഷിപ്പനി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത Wimmera മേഖലയിലെ ലാസെൽസിൽ നിന്നാണ് മത്സരം ആരംഭിക്കുക. അതേസമയം, വിക്ടോറിയയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈ മാസം നൂറുകണക്കിന് ചത്ത പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും അപകടകാരിയായ H5N1 പക്ഷിപ്പനി ബാധിച്ചാണ് ചത്തതെന്നാണ് സംശയം.
പക്ഷികൾക്ക് രോഗബാധയ്ക്കുള്ള സാധ്യത കുറവാണെന്നത് രോഗബാധയ്ക്ക് സാധ്യതയില്ലെന്നല്ലെന്ന് Victorian Wildlife Alliance പ്രതിനിധി ഡേവിഡ് മോൾഡ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ചെറിയൊരു അപകടസാധ്യത പോലും ഏറ്റെടുക്കുന്നത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.മത്സരത്തിനിടെ ചില പ്രാവുകൾ വഴിതെറ്റുകയോ തിരിച്ചെത്താതിരിക്കുകയോ ചെയ്യാമെന്നും, അവ വന്യപക്ഷികളുമായി സമ്പർക്കത്തിൽ വന്നാൽ രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ മത്സരം രോഗവ്യാപനത്തിന് കാര്യമായ ഭീഷണിയുണ്ടാക്കില്ലെന്നാണ് വാറ്നാംബൂൾ റേസിംഗ് പിജിയൻ ക്ലബിന്റെ നിലപാട്. മത്സരത്തിനും പരിശീലനത്തിനുമൊഴികെ പ്രാവുകളെ സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുന്നുണ്ടെന്നും ക്ലബ് അറിയിച്ചു.മത്സരം റദ്ദാക്കിയാൽ ക്ലബിന്റെ 100-ാം വാർഷികാഘോഷത്തിന് തിരിച്ചടിയാകുമെന്നാണ് ഭാരവാഹികളുടെ നിലപാട്. ആശുപത്രിയിൽ പ്രോസ്റ്റേറ്റ് കാൻസർ പരിശോധനാ ഉപകരണങ്ങൾക്കായി ധനസമാഹരണം നടത്തുന്നതും മത്സരത്തിന്റെ ലക്ഷ്യമാണ്.
പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാവ്പറത്തൽ മത്സരം അനുവദിച്ച സർക്കാർ തീരുമാനം സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.





























