സിഡ്നി: ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ ഡിമെൻഷ്യ ബാധിതയായ 95 വയസുകാരിക്കു നേരെയുണ്ടായ പോലീസ് മർദനത്തെതുടർന്ന് നിലത്തു വീണ വയോധിക ഗുരുതരാവസ്ഥയിൽ. ന്യൂ സൗത്ത് വെയിൽസിലെ നോവി മൗണ്ടൻസിലുള്ള വയോജന സംരക്ഷണ കേന്ദ്രത്തിലാണ് പോലീസിന്റെ അതിക്രമമുണ്ടായത്.ക്ലെയർ നൗലാൻഡ് എന്ന സ്ത്രീയാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. നിലത്ത് തലയിടിച്ച് വീണ വയോധിക അതീവ ഗുരുതരാവസ്ഥയിൽ കൂമ ബേസ്ഹോസ്പിറ്റലിൽ ചികിത്സയിലാണ്.തലയോട്ടിക്ക് പൊട്ടലും മസ്തിഷ്ക രക്തസ്രാവവുമുണ്ടായിട്ടുണ്ട്. സംഭവത്തിനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വയോധികയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ വയോജനസംരക്ഷണ കേന്ദ്രത്തിന്റെ അടുക്കളയിൽ നിന്ന്ലഭിച്ചൊരു കത്തിയുമായി ക്ലെയർ നൗലാൻഡ് നടക്കുന്നുവെന്ന് ഫോൺ കോൾ ലഭിച്ചതിനെതുടർന്നാണ് രണ്ട് പോലീസ്ഉദ്യോഗസ്ഥർ അവിടെയെത്തിയത്. കത്തി താഴെയിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ വയോധിക തയാറായില്ല. തുടർന്ന് ഒരു സീനിയർ കോൺസ്റ്റബിൾ വയോധികയ്ക്കു നേരെ ഇലക്ട്രിക് ആയുധം പ്രയോഗിക്കുകയായിരുന്നു. ഷോക്കേറ്റ് നിലത്തു വീണ വയോധികയുടെ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പോലീസ് ഉദ്യോഗസ്ഥനു നേരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 12 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.
നേരേ നടക്കാൻ പോലും പരസഹായം ആവശ്യമുള്ള, മറവി രോഗമുള്ള വയോധിക കത്തിയെടുത്തത് ഇത്രമാത്രം ഭീഷണിയായി പോലീസ് ഉദ്യോഗസ്ഥന് തോന്നിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. ഏകദേശം 43 കിലോഗ്രാം മാത്രം ഭാരമുള്ള ദുർബലയായ വയോധികയെ കീഴടക്കാൻ പോലീസ് ആയുധം പ്രയോഗിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. അന്താരാഷ്ട്ര ഉൾപ്പെടെ വിഷയം വലിയ വാർത്തയായിട്ടുണ്ട്.
തെക്കൻ ന്യൂ സൗത്ത് വെയിൽസ് പട്ടണത്തിലെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ക്ലെയർ നൗലാൻഡ് എന്ന് അവരുടെ കുടുംബം പറയുന്നു. എട്ട് മക്കളും 24 പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ അംഗമാണ് ക്ലെയർ. അഞ്ച് വർഷത്തിലേറെയായി വയോധിക നഴ്സിംഗ് ഹോമിൽ താമസിക്കുന്നു. 2008-ൽ 80-ാം ജന്മദിനത്തിൽ കാൻബറയിൽ സ്കൈ ഡൈവിംഗ് നടത്തി ഇവർ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ ബഹുമാന്യയായ വയോധികയ്ക്കു നേരെയുണ്ടായ പോലീസ് അതിക്രമം പ്രാദേശിക സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ‘തങ്ങൾ വിഷയം അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പീറ്റർ കോട്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു.സംഭവത്തിന്റെ വീഡിയോയും ഓഡിയോയും പോലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകൾ പതിഞ്ഞിട്ടുണ്ട്. ഇത് പുറത്തുവിട്ടിട്ടില്ല.