കാൻബറ: ഓസ്ട്രേലിയയിലെ പ്രശസ്തമായ കത്തോലിക്ക ആശുപത്രിയായ ബ്രൂസ് കാൽവരി പബ്ലിക് ഹോസ്പിറ്റൽ ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്ന് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സംസ്ഥാന സർക്കാർ വൃത്ത ങ്ങൾ അറിയിച്ചു.കാൽവരി കത്തോലിക്കാ ആശുപത്രിയുടെ പൂർണ നിയന്ത്രണവും ഉടമസ്ഥതയും ജൂലൈ മൂന്നിനകം ഏറ്റെടുക്കുമെന്നാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സർക്കാരിന്റെ പ്രഖ്യാപനം. അതേസമയം ആശുപത്രി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ രാജ്യത്തെ മുൻനിര പ്രോജക്ട് മാനേജർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.ഒരു ടീമിനെ കൂട്ടിച്ചേർക്കാൻ മാസങ്ങളെടുക്കുമെന്നും ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ സമയമെടുക്കുമെന്നും ഇനീഷ്യൽ ക്യാപിറ്റൽ പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ കീറോൺ ഹെവിറ്റ് പറഞ്ഞു.
ആശുപത്രിയുടെ ആസ്തികൾ കൈമാറാൻ പ്രോജക്ട് ടീമിന് ആറ് മുതൽ 12 മാസം വരെ കാലയളവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നിശ്ചയിച്ച സമയപരിധി ചെറുതാണെന്നും എങ്കിലും ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി റേച്ചൽ സ്റ്റീഫൻ-സ്മിത്ത് പറഞ്ഞു.
പുതിയ ഉടമസ്ഥതയ്ക്ക് കീഴിൽ കാൽവരി എന്ന പേര് ഉപയോഗിക്കുന്നത് തുടരാനാവില്ലെന്ന് ആശുപത്രി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ഫോമുകളിലും രേഖകളിലും ഉൾപ്പെടെ ആശുപത്രിയുടെ പേര് മാറ്റേണ്ടതുണ്ട്. ആശുപത്രിയുടെ നിയമപരമായ നിലനിൽപ്പിൽ മാറ്റംവരും. ഇത് ഒരു കത്തോലിക്കാ ചാരിറ്റി നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമാണ്. പക്ഷേ ഇനിയത് ഒരു ദേശസാൽകൃത സംരംഭമായി മാറും.
ആശുപത്രി നിർബന്ധിതമായി സർക്കാർ ഏറ്റെടുക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാൻബറ-ഗോൾബേൺ അതിരൂപതാ മുൻ വികാരി ജനറാൾ ഫാ. ടോണി പെർസിയാണ് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്. ഏറ്റെടുക്കലിനെതിരായ പ്രചാരണവും കാമ്പെയ്നും ശക്തമായി തുടരുകയാണ്. ‘സേവ് കാൽവറി ഹോസ്പിറ്റൽ’ എന്ന പേരിൽ തയാറാക്കിയ നിവേദനത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ 3000 പേർ ഒപ്പിട്ടിട്ടുണ്ടെന്ന് കാമ്പെയ്ന് നേതൃത്വം നൽകുന്ന ഫാ ടോണി പെർസി പറഞ്ഞു.കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റിൽ കമ്പനി ഓഫ് മേരിയുടെ കീഴിൽ 44 വർഷത്തിലേറെയായി ബ്രൂസിൽ മികച്ച സേവനം നൽകുന്ന ആശുപത്രിയാണ് കാൽവരി ഹോസ്പിറ്റൽ. മതിയായ ചർച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിലാണ് ആശുപത്രി ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സർക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്ന് അതിരൂപാംഗങ്ങൾ ആരോപിക്കുന്നു.
തങ്ങൾ കീഴടങ്ങില്ലെന്നും സർക്കാർ തീരുമാനത്തിനെതിരേ പോരാടുമെന്നും ഫാ. ടോണി കാൻബെറ ടൈംസിനോട് പറഞ്ഞു. നിയമനിർമ്മാണത്തിലൂടെ ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കത്തെ സ്വത്തവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം എന്നാണ് വിമർശനം ഉയരുന്നത്.