തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിന്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും നടത്തും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുമാണ് മാര്‍ച്ച്.
രാഷ്ട്രീയ, സാംസ്‌കാരിക നായകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന നീക്കങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങ്ഇടാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനെതിരെ നിയമപരമായും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.
കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ് ക്രൈംബ്രാഞ്ച് നടപടി. ശനിയാഴ്ച രണ്ടു മണിക്കൂർ മാധ്യമം ലേഖകൻ അനിരു അശോകനെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് രണ്ടു ദിവസത്തിനകം ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയിരിക്കുകയാണ്. കോടതി തന്നെ വിലക്കിയിട്ടുള്ളതാണ് ഇത്തരം നടപടികൾ.
മാധ്യമങ്ങൾക്കു മൂക്കുകയർ ഇടാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ് നടപടിയെ കാണാൻ കഴിയൂ. ഭരണഘടന ഉറപ്പ് നൽകുകയും ഹൈക്കോടതി ആവർത്തിച്ചു ശരിവെക്കുകയും ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ വിരുദ്ധമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു യൂണിയൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.
കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾക്ക് ആധാരമായ രേഖകൾ മാധ്യമങ്ങൾ പുറത്തുവിടുന്നത് സ്വാഭാവികം മാത്രമാണ്. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും കാലദേശാന്തര ഭേദമില്ലാതെ ഇതിനൊപ്പം നിന്നിട്ടുമുണ്ട്. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. പൊലീസ് നടപടികളിലുടെ അതിനു തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുള്ള പൗരന്‍റെ അവകാശങ്ങൾക്കു വിലങ്ങിടാനാണ് ഇതുവഴി പൊലീസ് യഥാർഥത്തിൽ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിനെതിരെ നിയമത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും വഴികൾ ആരായുമെന്ന് യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.































