കോയമ്പത്തൂർ: സുലൂരിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിനെ കുറിച്ചു പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ചിരിച്ചുകളിച്ച് പൊലീസുകാർ. വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ വിമർശനം. കോയമ്പത്തൂർ റേഞ്ച് ഡിഐജി പി സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി, വെസ്റ്റ് സോണ്‍ ഇൻസ്പെക്ടർ ജനറൽ ആർ വി രമ്യ ഭാരതി എന്നിവരാണ് വീഡിയോയിലുള്ളത്.
തമിഴ്നാടിനെ പിടിച്ചു കുലുക്കിയ കേസിനെ കുറിച്ചു പറയാൻ എത്ര ലാഘവത്തോടെയാണ് മുതിർന്ന പൊലീസ് ഓഫീസർമാർ വാർത്താസമ്മേളനത്തിന് എത്തിയത് എന്നതാണ് ഉയരുന്ന വിമർശനം. സംഭവിച്ചത് എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനായി ഇരുന്ന ശേഷം, പരസ്പരം എന്തൊക്കെയോ പറഞ്ഞ് ഓഫീസർമാർ ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത്ര സെൻസിറ്റീവായ, ജനരോഷം ഏറ്റുവാങ്ങിയ കേസിനെ കുറിച്ച് വിശദീകരിക്കാൻ എത്തിയ ഓഫീസർമാർ തീർത്തും നിരുത്തരവാദപരമായാണ് പെരുമാറിയത് എന്നാണ് ഉയരുന്ന വിമർശനം.
“ഒരു ചെറിയ കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനം മുഴുവൻ ദുഃഖത്തിലാണ്. പക്ഷേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വലിയ സന്തോഷത്തിലാണ്” എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഇത് എന്തുതരം മാനസികാവസ്ഥയാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു. വൈറലായ വീഡിയോയെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.



























