ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിൽ വിഘടനവാദി സംഘടനകൾ ബന്ദികളാക്കിയ ഓസ്ട്രേലിയൻ പ്രൊഫസറെയും രണ്ട് സഹപ്രവർത്തകരെയും വിട്ടയച്ചു. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങാണ് മോചന വാർത്ത പുറത്തുവിട്ടത്.ന്യൂസിലൻഡ് പൗരനും സതേൺ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജി പ്രൊഫസറുമായ ബ്രൈസ് ബാർക്കർ, അദ്ദേഹത്തിന്റെ ഗവേഷണ സംഘത്തിലെ അംഗങ്ങളായ കാത്തി അലക്സ്, പാപുവ ന്യൂ ഗിനിയ നാഷണൽ മ്യൂസിയം ഗവേഷക ജെമിന ഹാരോ, പി.എച്ച്.ഡി വിദ്യാർത്ഥിനി ടെപ്സി ബെനി എന്നിവരെയാണ് മോചിപ്പിച്ചത്.സുരക്ഷിതവും സമാധാനപരവുമായ മോചനം ഉറപ്പാക്കുന്നതിൽ പാപ്പുവ ന്യൂ ഗിനിയ സർക്കാരിന് നന്ദിയെന്ന് പെന്നി വോങ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ്മറാപെ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോട് മാപ്പ് പറയുകയും അവരുടെ മോചനത്തിനായി തന്റെ സർക്കാർ മോചനദ്രവ്യം നൽകിയിട്ടില്ലെന്നു വെളിപ്പെടുത്തുകയും ചെയ്തു.
രാജ്യത്തെ വിദൂര മേഖലയായ ബോസാവി പർവത പ്രദേശത്ത് ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സംഘത്തെ കഴിഞ്ഞ 19 നാണ് 20 പേരടങ്ങുന്ന സായുധ സംഘം പിടികൂടിയത്. ഒരാഴ്ചയിലേറെ തടവിൽ കഴിഞ്ഞ ശേഷമാണ് മോചനം. 1.5 മില്യൺ ഡോളർ മോചനദ്രവ്യം ലക്ഷ്യമിട്ടായിരുന്നു തട്ടിക്കൊണ്ടു പോകൽ. ഒടുവിൽ വളരെ ചെറിയ തുക നൽകിയാണ് ഗവേഷക സംഘത്തെ മോചിപ്പിച്ചതെന്നാണു റിപ്പോർട്ടുകൾ. പ്രദേശം സൈനികരും പോലീസും വളഞ്ഞിരുന്നു. സൈനികർ മോചനദ്രവ്യം കൈമാറിയ ഉടൻ സായുധ സംഘം കാട്ടിലേക്ക് ഓടിപ്പോയി.പ്രദേശത്ത് വളരെക്കാലമായി പ്രവർത്തിക്കുന്ന മിഷനറിമാരുടെ മധ്യസ്ഥതയിലാണ് സായുധ സംഘവുമായി ചർച്ചകൾ നടത്തിയത്. മോചന ശ്രമങ്ങൾക്ക് പോലീസിന്റെയും സൈന്യത്തിന്റെയും പ്രാദേശിക നേതാക്കളുടെയും സഹായമുണ്ടായിരുന്നു. അതീവ രഹസ്യമായാണ് മോചനത്തിനുള്ള നീക്കങ്ങൾ നടത്തിയത്. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പാപുവ ന്യൂ ഗിനിയ വഴിയാണോ ഓസ്ട്രേലിയയിലേക്കുള്ള ആദ്യത്തെ മനുഷ്യ കുടിയേറ്റം നടന്നത് എന്നാണ് ബാർക്കറുടെ സംഘം അന്വേഷിക്കുന്നത്.