ബ്രിസ്ബെയ്ൻ ഓസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിൽ ഗർഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്ന വ്യവസായത്തെ പ്രോൽസാഹിപ്പിക്കാൻ വൻതുക നീക്കിവച്ച് സർക്കാർ. കത്തോലിക്ക സഭയുടേത് ഉൾപ്പെടെ എതിർപ്പുകൾ അവഗണിച്ചാണ് ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കാൻ 40 മില്യൺ ഡോളർ സർക്കാർ വകയിരുത്തിയത്.
സംസ്ഥാനത്തെ ഗർഭിണികൾക്ക് അബോർഷൻ ക്ലിനിക്കുകളുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും തടസങ്ങളില്ലാതെ ഗർഭച്ചിദ്രം നടത്താനും അനുവദിക്കുന്ന ആക്ഷൻ പ്ലാനാണ് ആരോഗ്യ-വനിതാ മന്ത്രി ഷാനൻ ഫെന്റിമാൻ അവതരിപ്പിച്ചത് ഗർഭഛിദ്രം നടത്തുന്നവരെ പരിശിലിപ്പിക്കാനുള്ള ധനസഹായം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
“Termination of Pregnancy Action Plan 2032” എന്ന പദ്ധതി പ്രധാനമായും പ്രാദേശിക ക്വീൻസ്‌ലൻഡിനെയാണ് ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗർഭച്ഛിദ്ര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ 20 മില്യൺ ഡോളറും അത്യാധുനിക നിലവാരത്തിലുള്ള മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാൻ അൻപത് മില്യൺ ഡോളറും സർക്കാരിതര സ്ഥാപനങ്ങൾക്ക് എട്ട് മില്യൺ ഡോളറും പദ്ധതി വകയിരുത്തുന്നു.
സർക്കാർ നീക്കം ക്വീൻസ്‌ലൻഡിലെ വിശ്വാസികളുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും മേലുള്ള ആക്രമണമെന്നാണ് ചെറിഷ് ലൈഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാത്യു ക്ലിഫ് പറഞ്ഞു. 88 ശതമാനം ക്യൂൻസ്ലൻഡുകാരും പിന്തുണയ്ക്കുന്ന സേവനമായ കൗൺസിലിങ്ങിൽ സർക്കാർ എന്തുകൊണ്ടാണ് നിക്ഷേപം നടത്താത്തതെന്നും മാത്യു ക്ലിഫ് ചോദിച്ചു.
ഗർഭച്ഛിദ്രത്തെ മനസു കൊണ്ട് എതിർക്കുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മിഡ്വൈഫുമാരെയും വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നും ക്ലിഫ് പറഞ്ഞു.
‘ക്വീൻസ്ലൻഡുകാർ തിരിച്ചറിയണം, ഈ പദ്ധതി അസംഖ്യം ക്വീൻസ്റ്റൻഡുകാരുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും മേലുള്ള കടന്നാക്രമണമാണിത്. നിരപരാധികളും പ്രതിരോധിക്കാൻ കഴിയാത്തവരുമായ ഗർഭസ്ഥ ശിശുക്കളുടെ ജീവനോട് കടുത്ത അവഗണന കാണിക്കുന്ന സർക്കാരാണ് സംസ്ഥാനത്തെ നയിക്കുന്നത് ക്ലിഫ് കൂട്ടിച്ചേർത്തു.
ബ്രിസ്ബെയ്ൻ ആസ്ഥാനമായുള്ള അബോർഷൻ അനുകൂല ഗ്രൂപ്പായ ചിൽഡ്രൻ ബൈ ചോയ്‌സിന് സർക്കാർ എട്ട് മില്യൺ ഡോളർ ധനസഹായമാണ് അനുവദിച്ചത്.
അതേസമയം നിലവിലുള്ള സർക്കാരിന്റെ കാലാവധി അവസാനിക്കാറായി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലേറാൻ അവസരം ലഭിച്ചില്ലെങ്കിൽ പദ്ധതി മുന്നോട്ട് പോകില്ലെന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. തിരഞ്ഞെടുപ്പിൽ ചെറിഷ് ലൈഫ് എന്ന സംഘടന ഈ വിഷയം ഉയർത്തിപ്പിടിക്കുമെന്നും ക്ലിഫ് കൂട്ടിച്ചേർത്തു.































