ബെംഗളൂരു: ധർമസ്ഥലയിൽ നാലാം ദിവസത്തെ തെരച്ചിലിൽ സാക്ഷി ചൂണ്ടിക്കാണിച്ച രണ്ടിടങ്ങളിൽ ഒന്നും കണ്ടെത്താനായില്ല. പുഴക്കരയിലെ അസ്ഥിഭാഗങ്ങൾ ധർമസ്ഥലയിൽ മറവ് ചെയ്ത ഏതെങ്കിലും അജ്ഞാതമൃതദേഹത്തിന്‍റേതാകാമെന്നും എല്ലാ അസ്വാഭാവികമരണങ്ങൾക്കും രേഖകളുണ്ടെന്നും മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കേശവ ഗൗഡ ന്യൂസിനോട് പറഞ്ഞു. ധർമസ്ഥല ട്രസ്റ്റിനെച്ചൊല്ലി മാധ്യമവിലക്ക് ഏർപ്പെടുത്തിയ സെഷൻസ് കോടതി ഉത്തരവിൽ ഇന്ന് ഹൈക്കോടതി ഇടപെടലുമുണ്ടായി.
1987 മുതൽ എല്ലാ അസ്വാഭാവികമരണങ്ങളുടെയും രേഖകൾ പക്കലുണ്ടെന്നും ഈ സ്ഥലത്തൊക്കെ നിരവധി ആത്മഹത്യ നടന്നിട്ടുണ്ടെന്നും ധര്‍മസ്ഥല മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കേശവഗൗഡ പറഞ്ഞു. അതിൽ പലതും പോസ്റ്റ് മോർട്ടത്തിന് ശേഷം അവിടെത്തന്നെ മറവ് ചെയ്തു. ഇതിനെല്ലാം രേഖകളുള്ളതാണെന്നും കേശവഗൗഡ പറഞ്ഞു.
ഏഴ്, എട്ട് സ്പോട്ടുകളിൽ ആറടി വരെ വിശദമായി കുഴിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ലഭിച്ച അസ്ഥിഭാഗങ്ങൾ ബെംഗളുരു എഫ്എസ്എൽ ലാബിലേക്ക് ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു. ഇതിൽ അഞ്ചെണ്ണം പല്ലിന്‍റെ കഷ്ണങ്ങളാണ്. ഒന്ന് താടിയെല്ലും, രണ്ടെണ്ണം തുടയെല്ലുമാണ്. ബാക്കിയെല്ലാം പൊട്ടിയ നിലയിലാണ്.































