ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ റക്സ് എയർലൈൻസ് (Rex Airlines) തങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിപണിയെ തെറ്റിദ്ധരിപ്പിച്ചതായും കൃത്യമായ വിവരങ്ങൾ യഥാസമയം വെളിപ്പെടുത്തിയില്ലെന്നും ന്യൂ സൗത്ത് വെയ്‌ൽസ് സുപ്രീം കോടതി കണ്ടെത്തി. ഓസ്‌ട്രേലിയൻ കോർപ്പറേറ്റ് വാച്ച്‌ഡോഗ് ആയ ‘ആസിക്’ (ASIC) നൽകിയ കേസിലാണ് ഈ സുപ്രധാന വിധി.
കമ്പനിക്ക് വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടും, 2023 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാകുമെന്ന് വിപണിയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് റക്സ് നൽകിയത്. 2023 ജൂണിൽ ഉണ്ടായ 35 മില്യൺ ഡോളറിന്റെ ലാഭ ഇടിവ് വിപണിയെ കൃത്യസമയത്ത് അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
കമ്പനിയുടെ മുൻ എക്സിക്യൂട്ടീവ് ചെയർമാൻ ലിം കിം ഹായ് തനിക്കെതിരെയുള്ള കുറ്റങ്ങൾ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ മറ്റ് മൂന്ന് മുൻ ഡയറക്ടർമാർ നിയമലംഘനം നടത്തിയതായി കോടതി കണ്ടെത്തിയിട്ടില്ല. റക്സ് എയർലൈൻസിന് മേൽ ചുമത്തേണ്ട പിഴയും മറ്റ് നടപടികളും കോടതി പിന്നീട് തീരുമാനിക്കും.































