പെർത്ത്: ക്ലിനിക്കിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള ശിശുരോഗ വിദഗ്ധൻ ഡോ. ചിയാ ലിയാങ് സാവിനെതിരെ (41) കൂടുതൽ കുറ്റങ്ങൾ ചുമത്തി. നിലവിൽ 10 കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ഇയാൾക്കെതിരെയുള്ള ആകെ കുറ്റങ്ങളുടെ എണ്ണം 53 ആയി ഉയർന്നതായി പെർത്ത് മജിസ്‌ട്രേറ്റ് കോടതിയെ പോലീസ് അറിയിച്ചു.
പെരുമാറ്റ വൈകല്യമുള്ള കുട്ടികളെ ചികിത്സിച്ചിരുന്ന നെഡ്‌ലാൻഡ്‌സ്, മിഡ്‌ലാൻഡ് ക്ലിനിക്കുകളിലെ പരിശോധനാ മുറികളിലാണ് ഇയാൾ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിരുന്നത്.12-നും 15-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് ഇരകളിൽ ഭൂരിഭാഗവും. ഇതുകൂടാതെ ഒരു വീട്ടിൽ വെച്ച് പീഡിപ്പിക്കപ്പെട്ട 10 വയസ്സുകാരിയും, ഓൺലൈൻ വഴി ചൂഷണത്തിനിരയായ മറ്റൊരു കുട്ടിയും ഇതിൽ ഉൾപ്പെടുന്നു.
പ്രതി സോഷ്യൽ മീഡിയ വഴി കുട്ടികളെ പിന്തുടർന്നിരുന്നതായും ‘ഷുഗർ ഡാഡി’ (Sugar Daddy) ഡേറ്റിംഗ് വെബ്‌സൈറ്റുകൾ ഉപയോഗിച്ചിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കുറ്റകൃത്യങ്ങൾ അടങ്ങിയ ദൃശ്യങ്ങളും വിവരങ്ങളും താൻ ഡിലീറ്റ് ചെയ്ത് നശിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
മലേഷ്യൻ-ഓസ്‌ട്രേലിയൻ ഇരട്ട പൗരത്വമുള്ള പ്രതിയെ നിലവിൽ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിൽ ഹാകിയ ജയിലിൽ (Hakea Prison) കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയിലുള്ള വാദം കേൾക്കൽ വരുന്ന വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു. കേസിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.































