വാഷിങ്ടണ്‍: റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള കഴിവില്ലെന്ന് യുഎസ് നാഷണൽ ഇന്‍റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്. യൂറോപ്പിനെ ആക്രമിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ എന്നും തുൾസി ഗബ്ബാർഡ് പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താൻ യുദ്ധക്കൊതിയന്മാരും പാശ്ചാത്യ മാധ്യമങ്ങളിലെ ഒരു വിഭാഗവും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തുൾസി ഗബ്ബാർഡ് വിമർശിച്ചു.
“വാസ്തവത്തിൽ റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനും അധിനിവേശം നടത്താനുമുള്ള കഴിവ് ഇല്ലെന്നാണ് യുഎസ് ഇന്‍റലിജൻസ് വിലയിരുത്തുന്നത്. യൂറോപ്പിനെ ആക്രമിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ”- തുൾസി ഗബ്ബാർഡ് സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മറിച്ചുള്ള അവകാശവാദങ്ങൾ യുദ്ധാനുകൂലികളുടെ ന്യായീകരണമാണെന്നും അവർ ആരോപിച്ചു.
യുക്രൈനിലും യൂറോപ്പിലും സമാധാനം സ്ഥാപിക്കാനുള്ള, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് യുദ്ധക്കൊതിയന്മാരും അവരുടെ മാധ്യമങ്ങളും ആണെന്ന് ഗബ്ബാർഡ് ആരോപിച്ചു. റഷ്യ യൂറോപ്പിനെ ആക്രമിച്ച് കീഴടക്കാൻ ലക്ഷ്യമിടുന്നുവെന്ന യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും വീക്ഷണത്തെ യുഎസ് ഇന്റലിജൻസ് വിഭാഗം പിന്തുണയ്ക്കുന്നുവെന്ന് ഈ ഗ്രൂപ്പുകൾ തെറ്റായി അവകാശപ്പെടുകയാണെന്ന് അവർ പറഞ്ഞു.































