കൊല്ലം: സംസ്ഥാനത്തെ ജവഹർ ബാലഭവനുകളിലെ ജീവനക്കാർക്ക് ശമ്പളം വൈകുന്നുവെന്ന് ആക്ഷേപം. കൊല്ലം ജില്ലയിൽ മാത്രം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് 11 മാസം കഴിഞ്ഞു. സാംസ്‌കാരിക വകുപ്പിൽ നിന്നുള്ള ഗ്രാൻഡ് വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. കുട്ടികൾക്കും മുതിർന്നവർക്കും കുറഞ്ഞ ഫീസ് നിരക്കിൽ നൃത്തവും സംഗീതവും വാദ്യോപകരണങ്ങളും അഭ്യസിപ്പിക്കുന്ന കലാകാരന്മാരോടാണ് സർക്കാരിന്‍റെ അവഗണന. മാസങ്ങളായി ശമ്പളം കിട്ടാതായാതോടെ ദുരിതത്തിലാണ് ഈ കലാകാരന്മാർ.
സംസ്ഥാനത്തെ അഞ്ച് ജവഹർ ബാലഭവനുകളിൽ കൊല്ലത്തെ ബാലഭവനിലെ ജീവനക്കാർക്ക് ഏകദേശം ഒരു കൊല്ലമായി ശമ്പളമില്ല. തൃശ്ശൂരിലും ആലപ്പുഴയിലും ശമ്പളം മുടങ്ങിയിട്ട് ആറു മാസമായി. പ്രതിവർഷം രണ്ടു കോടി ബാലഭവനുകള്‍ക്കുള്ള രൂപയാണ് സർക്കാർ ഗ്രാൻഡ്. ഇത് മുടങ്ങിയതോടെയാണ് ശമ്പളമടക്കമുള്ള ചെലവുകള്‍ക്ക് പ്രതിന്ധിയായത്. 25 പേർ ജോലി ചെയ്യുന്ന കൊല്ലത്ത് മാത്രം ശമ്പളത്തിനായി വേണ്ടത് പ്രതിവർഷം 85 ലക്ഷം രൂപയാണ്. ഫീസ് ഇനത്തിലും ഓഡിറ്റോറിയം വാടക ഇനത്തിലും തനതു വരുമാനമുണ്ടെങ്കിലും സർക്കാർ ഗ്രാൻഡ് കൃത്യമായി കിട്ടാത്തതിനാൽ അതു മാത്രം മതിയാകില്ല ശമ്പളത്തിന്. സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി ഓണ നാളുകളിൽ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് തബല അധ്യാപകൻ ജി.രാധാകൃഷ്ണൻ പറഞ്ഞു.