കാൻബെറ : ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ സണ്‍ഷൈൻ കോസ്റ്റ് തീരത്ത് നൂസയ്ക്ക് സമീപമുള്ള സണ്‍ഷൈൻ ബീച്ചില്‍ പ്രഭാത സവാരിക്കായി ധാരാളം പേര്‍ എത്താറുണ്ട്.
എന്നാല്‍ ഇന്നലെ ബീച്ചില്‍ നടക്കാനെത്തിയവര്‍ പലരും ഭയാനകമായ ഒരു കാഴ്ച കണ്ട് ഞെട്ടി. ബീച്ചിലെ മണല്‍ത്തരികളിലൂടെ ഇഴയുന്ന ഒരു ഭീമൻ കടല്‍പ്പാമ്ബായിരുന്നു അത്.
അതീവ അപകടകാരിയായ സ്റ്റോക്ക്സ് സീസ്നേക്കിനെയാണ് ഇവര്‍ കണ്ടത്. കൊടുംവിഷമുള്ള കടല്‍പ്പാമ്ബിനമാണിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പാമ്ബിനെ പിടികൂടി. എന്നാല്‍ പാമ്ബിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്ന് അധികൃതര്‍ പറയുന്നു.
പാമ്ബിന്റെ ശരീരത്തില്‍ വലിയ ഒരു മുറിവുണ്ടായിരുന്നു. ഏതെങ്കിലും കടല്‍ജീവി ആക്രമിച്ചതോ അല്ലെങ്കില്‍ ബോട്ടോ മറ്റോ ഇടിച്ചതിന്റെയോ ഫലമാകാം ഈ മുറിവ്. ഏകദേശം പത്ത് വയസ് പ്രായമുള്ള പാമ്ബിനെ ഓസ്ട്രേലിയ സൂ വൈല്‍ഡ്‌ലൈഫ് ഹോസ്പിറ്റലിലേക്ക് മാറ്റി. മൂന്ന് അടിയിലേറെ നീളമുണ്ടായിരുന്ന പാമ്ബിന് മൂന്ന് കിലോയോളം ഭാരമുണ്ടായിരുന്നു.
ബീച്ചിലെത്തുന്നവരും അവരുടെ വളര്‍ത്തുമൃഗങ്ങളും കടല്‍പ്പാമ്ബുകളെ കണ്ടാല്‍ അകലം പാലിക്കണമെന്നും ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കയിട്ടുണ്ട്. സാധാരണ ആരോഗ്യനില മോശമായാലോ പരിക്കേറ്റാലോ മാത്രമാണ് കടല്‍പ്പാമ്ബുകള്‍ തീരത്തേക്ക് അടിയുക.
കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറത്തോടെയുള്ള പാമ്ബിന്റെ ശരീരത്തിന് ഉരുണ്ട ആകൃതിയാണ്. കടല്‍പ്പാമ്ബുകളില്‍ ഏറ്റവും വണ്ണം കൂടിയ ഇനമാണ് സ്റ്റോക്ക്സ് സീസ്നേക്ക്. അഞ്ചടി വരെ നീളംവയ്ക്കാം.
ബ്രിസ്ബെയ്ൻ മുതലുള്ള വടക്കൻ ഓസ്ട്രേലിയൻ തീരങ്ങള്‍ തൊട്ട് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ എക്സ്മൗത്ത് വരെ ഇവയെ കാണാം. പാകിസ്ഥാൻ മുതല്‍ ശ്രീലങ്ക വരെയുള്ള ഇന്ത്യൻ മഹാസമുദ്ര ഭാഗങ്ങളിലും ദക്ഷിണ ചൈനാ കടലിലും ഇവ ജീവിക്കുന്നുണ്ട്. പൊതുവെ അക്രമകാരികളായ ഇവ പ്രകോപനങ്ങളില്ലാതെ ആക്രമിക്കുന്ന സ്വഭാവക്കാരാണ്.
എന്നാല്‍ ഇവയുടെ കടിയേറ്റ് മനുഷ്യരുടെ ജീവൻ നഷ്ടമായ സംഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും നീളമേറിയ പല്ലുകളാണ് ഇവയ്ക്ക്. മനുഷ്യരുടെ വെറ്റ്‌സ്യൂട്ടുകള്‍ കീറിമുറിക്കാൻ ഈ പല്ലുകള്‍ക്ക് കഴിയും. മികച്ച നീന്തല്‍ക്കാരായ സ്റ്റോക്ക്സ് സീസ്നേക്ക് കടലിന്റെ അടിത്തട്ടിലും പവിഴപ്പുറ്റുകളിലും ജീവിക്കുന്ന മത്സ്യങ്ങളെയാണ് പ്രധാനമായും ആഹാരമാക്കുന്നത്.