കൊച്ചി : വികസകുതിപ്പിന് ആക്കം കൂട്ടാൻ പുതുതായി ഏഴ് പദ്ധതികൾക്ക് തുടക്കമിടുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ എയറോ ലോഞ്ച്, ടെർമിനൽ വികസനം, ഡിജിയാത്ര അടക്കം വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് പദ്ധതികൾ. ഒക്ടോബർ രണ്ടാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾക്ക് തറക്കല്ലിടും.
ഗാന്ധി ജയന്തി ദിനം ഒരൊറ്റ ദിവസത്തിലാണ് ഏഴ് വികസനപദ്ധതികൾക്ക് സിയാൽ തുടക്കംകുറിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും കാർഗോയിലും വലിയ വളർച്ചയാണ് സിയാൽ കൈവരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ടാണ് പദ്ധതികൾ. 8 പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസിപ്പിക്കും. ഇംപോർട്ട് കാർഗോ ടെർമിനലാണ് മറ്റൊരു പദ്ധതി. സിയാലിൻറെ പ്രതിവർഷ കാർഗോ 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ഏറ്റവും വലിയ എയറോലോഞ്ച് നിർമ്മിക്കാനും സിയാൽ ഒരുങ്ങുന്നു. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറൻറ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ലോഞ്ചിന്‍റെ ഭാഗമാകും.ഡിപാർച്ചർ നടപടികളിലെ സമയനഷ്ടം കുറക്കാൻ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിയാത്ര സോഫ്ട്‌വെയറും രൂപകൽപന ചെയ്യും. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും.
വിമാനത്താവളത്തിലെ അഗ്നിശമന സംവിധാനത്തെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികമാക്കും. ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ കൂട്ടിച്ചേർത്തു. സിയാൽ ഗോൾഫ് കോഴ്‌സുമായി ബന്ധപ്പെട്ട് റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, കോൺഫറൻസ് ഹാൾ, സ്‌പോർട്‌സ് സെൻറർ എന്നിവയും നിർമിക്കും.