ഏന്തയാർ: മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറ ക്കിയതിൽ പ്രതിഷേധിച്ച് സൂപ്പർവൈസറെ അതിഥിത്തൊഴിലാളികൾ ആക്രമിച്ചു. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിന് പരിക്കേറ്റു. പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിൻ്റെ നിർമാണത്തിനിടയാണ് സംഭവം.
ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ പ്രകാരം രാവിലെ ആറു മുതൽ 11 വരെ ജോലി ചെയ്യണമെന്ന് സൂപ്പർ വൈസർ നിർദേശിച്ചുവങ്കിലും അതിഥിത്തൊഴിലാളികൾ തയ്യാറായില്ല. രാവിലെ എട്ടരയായിട്ടും തൊഴിലാളികൾ ജോലിക്ക് എത്തിയില്ല. ഇതോടെ, അടിത്തറ ഉറപ്പിക്കുവാനായി യന്ത്രസഹായത്തോടെ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഉപയോഗശൂന്യമാകാതിരിക്കാനാണ് സൂപ്പർ വൈസർ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം
തേടിയത്.
നാട്ടുകാരായ നാല് തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ അതിഥി തൊഴിലാളികൾ കൂട്ടമായി സൂപ്പർവൈസറെ മർദിക്കുകയായിരുന്നു. മലയാളി തൊഴിലാളികളെ പണിയെടുക്കുവാൻ അനുവദിക്കില്ലെന്നും. മുൻപ് ജോലിചെയ്തിരുന്ന സമയപ്രകാരം എട്ടുമുതൽ അഞ്ചു വരെ മാത്രമേ പണിയെടുക്കുകയുള്ളൂവെന്നും പറഞ്ഞായിരുന്നു ആക്രമണം. ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ടശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുവാൻ ശ്രമിച്ചു. നാട്ടുകാരായ തൊഴിലാളികളും പ്രദേശവാസികളും അക്രമികളെ പിടിച്ചുമാറ്റി. പെരുവന്താനം പോലീസ് സ്ഥലത്തെത്തി അതിഥിത്തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റി. അടിയന്തര ജോലി നടക്കുന്നതിനാലും മറ്റ് മേൽനോട്ടക്കാർ സ്ഥലത്തില്ലാത്തതിനാലും, പുറത്ത് പരിക്കേറ്റിട്ടും സൂപ്പർവൈസർ ആശുപത്രിയിൽ പോകാതെ പണിസ്ഥലത്തു തന്നെ തുടർന്നു .
വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ കരാറുകാരൻ പോലീസ് സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചു. അതിഥിത്തൊഴിലാളികളെ കൂലി നൽകി പറഞ്ഞുവിട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തില്ല. മലയാളികളെ ജോലിക്ക് ഇറക്കിയതിന്റെ പേരിൽ ആദ്യമായാണ് അതിഥിത്തൊഴിലാളികളുടെ ആക്രമണം ഉണ്ടാ കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.






























