പാലക്കാട്: പാലക്കാട് കല്ലേക്കാട് വഴിയോര കടകൾക്ക് തീപിടിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പക തീർക്കാനായി നാട്ടുകാരനായ ഒരാൾ തീയിട്ടതാണെന്ന് തെളിഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി രാധാകൃഷ്ണൻ വലയിലായത്. പാലക്കാട് – ഒറ്റപ്പാലം റൂട്ടിലെ കല്ലേക്കാടാണ് ഞെട്ടലുണ്ടാക്കിയ തീപിടിത്തം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തേനൂർ സ്വദേശികളായ ലക്ഷമണന്‍റെ ചായക്കടയും ഗിരിജയുടെ പച്ചക്കറി കടയും കത്തിനശിച്ചു. കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. കടയിലുണ്ടായിരുന്നതെല്ലാം അഗ്നിക്കിരയായി.
ഇതൊരു സാധാരണ തീപിടുത്തമല്ലെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചു. അപ്പോഴാണ് നാട്ടുകാരനായ രാധാകൃഷ്ണനെന്നയാളുമായി തർക്കം നടന്നെന്ന് ലക്ഷമണനും ഗിരിജയും പൊലീസിനോട് പറഞ്ഞത്. തീപിടുത്തമുണ്ടായ സമയത്ത് രാധാകൃഷ്ണൻ അവിടെ എത്തിയതിന്‍റെ തെളിവും ലഭിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കടകൾ കത്തിയ സ്ഥലത്ത് പ്രതി നേരത്തെ കട നടത്തിയിരുന്നു. രാധാകൃഷ്ണന്‍റെ കടപൂട്ടിയതിന് പിന്നാലെയാണ് തൊട്ടടുത്ത് ഗിരിജ പച്ചക്കറി കട തുടങ്ങിയത്.































