തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടില്‍ ശ്രീജിത്തിനെയാണ് എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ താമസക്കാരിയായ 14 വയസുകാരിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാള്‍ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഇരയായ കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടയില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ.അനുദാസ്, പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, സജീവന്‍, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.