ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിലെ ഗാർഹ്മുക്തേശ്വർ ഗംഗാഘട്ടിലെ ഒരു മരണാനന്തര ചടങ്ങ് സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ദഹിപ്പിക്കാൻ വെച്ച മൃതദേഹം മനുഷ്യന്‍റേതല്ലെന്നും തുണിയിൽ പൊതിഞ്ഞ പ്ലാസ്റ്റിക് ബൊമ്മ ആണെന്നും നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം വലിയ കോലാഹലമായി മാറിയത്. ഞൊടിയിടയിൽ രംഗം വഷളായി, ആളുകൾ തടിച്ചുകൂടി. വ്യാജമായി ശവസംസ്കാരം നടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മറ്റ് രണ്ട് പേർക്ക് ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ഹരിയാന രജിസ്ട്രേഷനുള്ള ഐ20 കാറിൽ നാല് പേർ എത്തി. ഇവർ കൊണ്ടുവന്നത് ഒരു മൃതദേഹമാണെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഇവർ ഘാട്ടിലെ സാധാരണ ആചാരങ്ങളെല്ലാം ഒഴിവാക്കി ചിതയിലേക്ക് തിടുക്കത്തിൽ പോകാൻ ശ്രമിച്ചത് സംശയത്തിന് കാരണമായി എന്ന് ദൃക്‌സാക്ഷിയായ വിശാൽ പറഞ്ഞു.
ഇവരുടെ തിടുക്കം കണ്ടപ്പോൾ, നാട്ടുകാർ തുണി ഉയർത്തി നോക്കി. ഉള്ളിൽ സീൽ ചെയ്ത്, മനുഷ്യശരീരം പോലെ തോന്നിക്കാൻ പാകത്തിൽ നിറച്ചുവെച്ച ഒരു പ്ലാസ്റ്റിക് ഡമ്മി കണ്ട നാട്ടുകാർ ഞെട്ടിപ്പോയി. ഇത് ഇൻഷുറൻസ് തട്ടിപ്പ് പോലുള്ള ആസൂത്രിത കുറ്റകൃത്യമാണെന്ന് മനസിലാക്കിയ നാട്ടുകാർ ഉടൻ തന്നെ രണ്ട് പേരെ പിടികൂടുകയും പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു






























