മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസമ്മയുടെ തിരുന്നാൾ ജൂലൈ 27-ാംതിയതി (ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ജൂലൈ 18-ാം തിയതി മുതൽ ആരംഭിച്ചു. ജൂലൈ 25 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുന്നാളിന് കൊടിയേറും. വിശുദ്ധ കുർബാനക്കും നൊവേനക്കും ഫാദർ സാബു അടിമാക്കിയിൽ വി.സി. മുഖ്യാകാർമ്മികത്വം വഹിക്കും. ജൂലൈ 26 ശനിയാഴ്ച വൈകീട്ട് 4.45ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മെൽബൺ സെന്റ് മേരീസ് ഇടവക വികാരി ഫാദർ ജോസഫ് എഴുമയിൽ മുഖ്യകാർമ്മികനാകും. തുടർന്ന് തിരിപ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുന്നാൾ ദിനമായ ജൂലൈ 27 ഞായറാഴ്ച രാവിലെ 9.45ന് നടക്കുന്ന ആഘോഷപൂർവ്വകമായ തിരുന്നാൾ പാട്ടുകുർബാനയിൽ മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. കത്തീഡ്രൽ വികാരി ഫാദർ മാത്യൂ അരീപ്ലാക്കൽ സഹകാർമ്മികനാകും. വിശുദ്ധ കുർബാനക്കു ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പകൽ പ്രദക്ഷിണവും ഉണ്ടായിരിക്കും. പൊൻകുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അൽഫോൻസമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. സ്‌നേഹവിരുന്നോടെ തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.
തിരുന്നാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ ഇടവക വികാരി ഫാദർ മാത്യൂ അരീപ്ലാക്കൽ, കൈക്കാരന്മാരായ ബാബു വർക്കി, ജിമ്മി ജോസഫ്, മാനുവൽ ബെന്നി, പാരീഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമർപ്പിച്ച് നമുക്കെന്നും മാതൃകയായി തീർന്ന വിശുദ്ധ അൽഫോൻസമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ തിരുന്നാൾ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ വികാരി ഫാദർ മാത്യൂ അരീപ്ലാക്കൽ അറിയിച്ചു.































