ഒട്ടാവ: എയര്‍ ഇന്ത്യ വിമാനത്തിനെതിരെ ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ തീവ്രവാദി ഗുര്‍പത്‌വന്ത് സിംഗ് പന്നൂന് എതിരെ ഫെഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സുരക്ഷ കര്‍ശനമാക്കിയെന്നും കാനഡ.
നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും, യാത്ര ചെയ്താല്‍ ജീവൻ അപകടത്തിലാകുമെന്നുമാണ് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനായ ഇയാള്‍ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയത്.
എല്ലാ ഭീഷണികളും തങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കനേഡിയൻ ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗ്വസ് പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19ന് അടച്ചിടുമെന്നും നേരത്തെ പന്നൂൻ ഭീഷണിപ്പെടുത്തിയിരുന്നു. 2020ല്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ വീഡിയോ സന്ദേശങ്ങളിലൂടെയും മറ്റും ഇയാള്‍ നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ട്.






























