കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അമ്മയും മകളും ഉൾപ്പടെ മൂന്ന് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. പെരുമ്പുഴ സ്വദേശി അനിതാ കുമാരി, മകൾ അശ്വതി, അരിനല്ലൂർ സ്വദേശി ബാലു ജി നാഥ് എന്നിവരാണ് അറസ്റ്റിലായത്. എട്ടര ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2021 ആഗസ്റ്റ് മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കും യു.കെ യിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അരിനല്ലൂർ സ്വദേശി ബാലു ജി നാഥ്, പെരുമ്പുഴ യമുനാ സദനത്തിൽ അനിതാ കുമാരി, മകൾ അശ്വതി എന്നിവർ ചേർന്ന് പണം കൈക്കലാക്കുകയായിരുന്നു.






























