കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്ന ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട നാലുവയസുകാരിയുടെ ആരോഗ്യത്തെക്കുറിച്ചാണ്.
എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിൽ ഒരു കുഞ്ഞുവിരൽ അധികമുണ്ടെന്നത് മാത്രമാണെന്ന് അയൽക്കാരടക്കം പറയുന്നു. മുടി നാരും കുപ്പായത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതിൽ നിന്ന് ചോര വരാറുണ്ട്. അധികമുള്ള വിരൽ കളയുന്ന കൊച്ചു ശസ്ത്രക്രിയയ്ക്ക് പോയ നാലുവയസുകാരിയ്ക്ക് ചെയ്തത് പക്ഷേ നാവിൽ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാൽ കുട്ടിയെ അറിയുന്നവരാരും ഇത് വിശ്വസിക്കില്ല.
അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാവീഴ്ചയുടെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും പതുക്കെ സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവിൽ വേദനയുണ്ടെന്ന് കുട്ടി പറയുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുട്ടിക്ക് നാവിൽ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. കെജിഎംസിടിഎയുടെ വാദം മാനിച്ച് ഡോക്ടർക്കെതിരെ കൂടുതൽ നടപടികൾ വേണ്ടെന്ന നിലപാടിലേക്കാണ് സർക്കാർ പോകുന്നത്. അതിനിടെ കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നാലു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.