ലക്നൗ: ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്ക് ഉത്തർപ്രദേശിൽ നിരോധനം. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം റാലികൾ വിലക്കിക്കൊണ്ട് യുപി സർക്കാർ ഉത്തരവിറക്കി. ഒക്ടോബറിൽ ബിഎസ്പി ഉൾപ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. പൊതു സ്ഥലങ്ങളിൽ ജാതി സംബന്ധിച്ച പ്രദർശനങ്ങൾ ഒഴിവാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഫ്ഐആറുകളിലും ജാതി പരാമർശിക്കരുതെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. എന്നാൽ മദ്യക്കടത്ത് കേസിൽ തനിക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന മദ്യക്കടത്തുകാരന്റെ ഹർജിയിലാണ് കോടതി ജാതി വിവേചനം സംബന്ധിയായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. ജാതി ആസ്പദമായ സ്റ്റിക്കറുകൾ, വാക്കുകൾ എന്നിവ വാഹനങ്ങൾ ഒട്ടിക്കുന്നതിനും വിലക്ക് ബാധകമാണ്. ഇത്തരത്തിലുള്ള സ്റ്റിക്കർ ഒട്ടിക്കുന്ന വാഹനങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴയിടാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.































